‘അവസരം കുറയുമെന്ന് പേടിച്ച് കല്യാണം കഴിച്ചത് പറയാത്ത നടിമാരുണ്ട്’: ഗ്രേസ് ആൻ്റണി

തന്നിലെ പ്രതിഭയെ വളരെ ചുരുക്കം സിനിമകള്‍ കൊണ്ടു തന്നെ അടയാളപ്പെടുത്തിയ മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ഗ്രേസ് ആൻ്റണി . കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടുന്നത്. പിന്നീട് നായികയായും സഹനടിയുമായുമെല്ലാം ഗ്രേസ് കയ്യടി നേടുകയായിരുന്നു. ഇപ്പോഴിതാ പുതിയ സിനിമയായ വിവേകാനന്ദന്‍ വൈറലാണ് റിലീസ് ചെയ്തിരിക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ സിനിമാ മേഖലയില്‍ താന്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റത്തെക്കുറിച്ച് ഗ്രേസ് തുറന്ന് പറയുകയാണ്. ഒരു അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്. വിവാഹ ശേഷം നടിമാര്‍ക്ക് അവസരം കുറയുന്ന പ്രവണത ഇല്ലാതാകണമെന്നാണ് ഗ്രേസ് പങ്കുവെക്കുന്ന ആഗ്രഹം.

ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹമുണ്ട്. നമ്മുടെ സിനിമയില്‍ വിവാഹ ശേഷം സ്ത്രീകള്‍ക്ക് അവസരം കുറയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞാന്‍ ഒരുപാട് സംവിധായകരോടും നിര്‍മ്മാതാക്കളോടും നിങ്ങള്‍ ആ ചിന്താഗതിയുള്ളവരാണോ എന്ന് ചോദിക്കാറുണ്ട്. ഏയ് ഇല്ലെടോ എന്നാണ് അവര്‍ പറയുക എന്നാണ് ഗ്രേസ് പറയുന്നത്.

പക്ഷെ ഇപ്പോഴും എനിക്കറിയാം, വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്. അവര്‍ക്കത് പുറത്ത് പറയാന്‍ പേടിയാണ്. അവസരങ്ങള്‍ കുറയുമോ എന്ന്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറുമോ എന്നറിയല്ല. പക്ഷെ മാറണം എന്ന് ഞാന്‍ കരുതുന്ന കാര്യമാണതെന്നും ഗ്രേസ് പറയുന്നു. തന്റെ തടിയെക്കുറിച്ചുള്ള പ്രതികരണങ്ങളെ എങ്ങനെയാണ് സമീപിക്കുന്നതെന്നും ഗ്രേസ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

തടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് പോസിറ്റിവ് ആയിട്ടാണ് എടുക്കുന്നത്. ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ അതേക്കുറിച്ചൊന്നും സങ്കടം വരാറില്ലെന്ന് ഗ്രേസ് പറയുന്നു. പിന്നെ പുറമെ നിന്ന് കാണുന്ന പോലെയാകില്ലല്ലോ ഓരോ ആളുകളുടെയും ജീവിതം. ഓരോ ആളുകള്‍ക്കും ഓരോ ആരോഗ്യ സ്ഥിതി ആയിരിക്കും. സാഹചര്യങ്ങള്‍ വ്യത്യസ്തം ആയിരിക്കാം ഇഷ്ടങ്ങള്‍ വ്യത്യസ്തം ആയിരിക്കാമെന്നും ഗ്രേസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *