അന്യഗ്രഹ ജീവന്‍ തേടി നാസ യൂറോപ്പയിലേക്ക്; ക്ലിപ്പര്‍ പേടകത്തിന്റെ വിക്ഷേപണം ഒക്ടോബറില്‍

അന്യഗ്രഹ ജീവന്‍ തേടി പുറപ്പെടാൻ ഒരുങ്ങുകയാണ് നാസ. ഇക്കഴിഞ്ഞ ​ദിവസമാണ് നാസ പുതിയ ദൗത്യം പ്രഖ്യാപിച്ചത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ട് ക്ലിപ്പര്‍ എന്ന പേടകം ഒക്ടോബറില്‍ വിക്ഷേപിക്കുമെന്നാണ് നാസയുടെ പ്രഖ്യാപനം. ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ പ്രതലം ഐസ് കൊണ്ടാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതിനടിയില്‍ സമുദ്രം ഉണ്ടാവാനിടയുണ്ടെന്നാണ് നി​ഗമനം. ഇക്കാരണത്താല്‍ ഭൂമിയെ കൂടാതെ ജീവന്‍ നിലനില്‍ക്കാനിടയുള്ള ഇടമായി യൂറോപ്പയെ കണക്കാക്കുന്നു.

പ്രപഞ്ചത്തില്‍ നമ്മള്‍ തനിച്ചാണോ എന്ന അടിസ്ഥാനമായ ചോദ്യത്തിനുത്തരം കണ്ടെത്താനാണ് നാസ ആഗ്രഹിക്കുന്നതെന്ന് ക്ലിപ്പര്‍ ദൗത്യത്തിന്റെ പ്രൊജക്ട് സയന്റിസ്റ്റായ ബോബ് പാപ്പലാര്‍ഡോ പറയുന്നു. കാലിഫോര്‍ണിയയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലാണ് ഇപ്പോള്‍ പേടകമുള്ളത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലായിരിക്കും പേടകം വിക്ഷേപിക്കുക. 500 കോടി ഡോളര്‍ ചെലവ് വരുന്ന ദൗത്യമാണിത്. 2031ല്‍ വ്യാഴത്തെയും യൂറോപ്പയെയും ചുറ്റുന്ന ഭ്രമണ പഥത്തില്‍ പേടകം എത്തും എന്നാണ് കണക്കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *