സ്‌പേസ് എക്‌സിന്‍റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു; ബഹിരാകാശ നടത്തം നാളെ; പേടകത്തിൽ നാലം​ഗസംഘം

ഒടുവിൽ സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോണ്‍ വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിൽ സെപ്റ്റംമ്പർ 10ന് ഇന്ത്യൻ സമയം പകൽ 2.50നായിരുന്നു വിക്ഷേപണം. 1972-ൽ അവസാനിപ്പിച്ച നാസയുടെ അപ്പോളോ ദൗത്യത്തിനു ശേഷം ഭൂമിയിൽ നിന്ന് ഏറ്റവും അകലേക്കുള്ള ബഹിരാകാശ യാത്രയാണിത്.

അമേരിക്കൻ വ്യവസായിയായ ജാെറഡ് ഐസക്മാന്റെ നേതൃത്വത്തിലുള്ള നാലം​ഗ സംഘമാണ് പേടകത്തിലുള്ളത്. അദ്ദേഹം തന്നെയാണ് പദ്ധതിക്കുള്ള സഹായധനം നൽകുന്നതും. യുഎസ് വ്യോമസേനയില്‍ നിന്ന് വിരമിച്ച ലഫ്. കേണല്‍ സ്‌കോട്ട് കിഡ് പൊറ്റീറ്റ് ആണ് ദൗത്യത്തിലെ പൈലറ്റ്. സ്‌പെയ്‌സ് എക്സിലെ എൻജിനിയർമാരായ അന്ന മേനോൻ, സേറാ ഗില്ലിസ് എന്നിവരാണ് മറ്റംഗങ്ങൾ. ആറു ദിവസം നീണ്ടു നിൽക്കുന്ന ദൗത്യത്തിന്റെ മൂന്നാം ദിനമായ സെപ്റ്റംമ്പർ 12ന് ഐസക്മാനും സേറയുമാണ് ബഹിരാകാശത്തുനടക്കുക.

പ്രൊഫഷണലുകളല്ലാത്ത യാത്രികർ ബഹിരാകാശത്ത് നടക്കുന്നത് ഇതാദ്യമായാണ്. മാത്രമല്ല താഴ്ന്ന ഭൂഗുരുത്വത്തിൽ മനുഷ്യശരീരം എങ്ങനെ പ്രതികരിക്കും പേടകത്തിലെത്തുന്ന വികിരണങ്ങളുടെ തോത് കണക്കാക്കൽ തുടങ്ങി, 1367 കിലോമീറ്റർ അകലെ ഉയർന്നഭ്രമണപഥത്തിൽ അഞ്ചുദിവസമെടുത്ത് നാല്പതോളം ഗവേഷണങ്ങൾ യാത്രികർ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *