ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മോഡ്യൂളില്‍ വായു ചോര്‍ച്ച; വൻ ഭീഷണിയാണെന്ന് റിപ്പോർട്ട്; നാസ ആശങ്കയില്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വായു ചോര്‍ച്ചയിൽ ആശങ്കയിലായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നിലയത്തിന്റെ റഷ്യന്‍ മോഡ്യൂളായ സ്വേസ്ഡ മോഡ്യൂളിലെ പിആര്‍കെ വെസ്റ്റിബ്യൂളിലാണ് ചോര്‍ച്ചയുള്ളത്. ചോര്‍ച്ചയുള്ളത്. 2019 ല്‍ തന്നെ ഈ പ്രശ്‌നം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് പരിഹരിക്കപ്പെട്ടില്ല.

നിലയത്തിന്റെ മറ്റ് മോഡ്യൂളിനെ ഡോക്കിങ് പോര്‍ട്ടില്‍ നിന്ന് വേര്‍തിരിക്കുന്ന സര്‍വീസ് മോഡ്യൂള്‍ ആണ് പിആര്‍കെ. ഫെബ്രുവരിയിൽ ഇതിലെ ചോര്‍ച്ച വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. ദിവസേന ഏകദേശം 1.7 കിലോഗ്രാം വായു ചോരുന്ന വിധത്തില്‍ ചോര്‍ച്ച വര്‍ധിച്ചിട്ടുണ്ടെന്നും ഇത് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും സെപ്റ്റംബര്‍ 26 ന് പുറത്തുവന്ന നാസയുടെ ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഒരു സൂചിക ഉപയോഗിച്ച് നാസ അപകട സാധ്യതയും തീവ്രതയും അളക്കാറുണ്ട്. ചോര്‍ച്ചയുടെ കാര്യത്തില്‍ രണ്ട് സൂചികകളിലും അഞ്ചാണ് രേഖപ്പെടുത്തിയത്. ചോര്‍ച്ചയുണ്ടാവാനുള്ള കാരണം കണ്ടെത്താനുള്ള പരിശോധനകള്‍ ഇപ്പോഴും നടക്കുകയാണ്. മറ്റെവിടെയും സമാനമായ ചോര്‍ച്ച കണ്ടെത്തിയിട്ടില്ല.

അതേസമയം, ഈ ചോര്‍ച്ച പരിഹരിക്കുന്നതില്‍ പുരോഗതിയുണ്ടെന്നാണ് ക്രൂ9 ദൗത്യം വിക്ഷേപിക്കുന്നതിന് മുമ്പ് സെപ്റ്റബര്‍ 27 ന് നാസ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. അടുത്തിടെ നടന്ന അറ്റകുറ്റപണികളിലൂടെ ചോര്‍ച്ച നിരക്ക് മൂന്നിലൊന്നായി കുറച്ചതായും നാസയുടെ ഐഎസ്എസ് പ്രോഗ്രാം ഡയറക്ടര്‍ റോബിന്‍ ഗേറ്റന്‍സ് പറഞ്ഞു.

ഉപയോഗിക്കാത്ത സമയത്ത് പിആര്‍ക്കെ അടച്ചിടുകയാണ് പതിവ്. അതുകൊണ്ട് തന്നെ ചോര്‍ച്ച മറ്റുള്ള മോഡ്യൂളുകളെ ബാധിക്കില്ല. ചോര്‍ച്ച വര്‍ധിച്ചാല്‍ പിആര്‍ക്കെ സ്ഥിരമായി അടച്ചിടുക എന്നതാണ് നിലവിലെ പരിഹാരം. എന്നാല്‍ റഷ്യയുടെ സോയൂസ് പേടകത്തിന് വേണ്ടിയുള്ള ഡോക്കിങ് പോര്‍ട്ടിന് വേണ്ടി ഉപയോഗിക്കുന്നത് ഈ വഴിയാണ്. 2030 ഓടെ ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നാസയുടെ പദ്ധതി. റഷ്യ അതിന് മുമ്പ് തന്നെ നിലയത്തില്‍ നിന്ന് പിന്‍മാറിയേക്കും എന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *