മൂവായിരം വര്‍ഷം മുമ്പു തകര്‍ന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സമുദ്ര പുരാവസ്തു ഗവേഷകര്‍. ക്രൊയേഷ്യന്‍ തീരത്തിനു സമീപം കടലിനടിയിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. 39 അടി നീളമുള്ള കപ്പലിന്റെ അവശിഷ്ടങ്ങളാണു കണ്ടെത്തിയിരിക്കുന്നത്. സംബ്രടിജ ബോട്ട് എന്നാണു ഗവേഷകര്‍ ഇതിനു പേരു നല്‍കിയിരിക്കുന്നത്. സംബ്രടിജ ഉള്‍ക്കടലിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതുകൊണ്ടാണ് കപ്പലിന് ഈ പേരു കൊടുത്തിരിക്കുന്നത്. മെഡിറ്ററേനിയന്‍ കടലില്‍നിന്നു കണ്ടെത്തിയ ബോട്ട് ബിസി 12നും 10നുമിടയില്‍ പൂര്‍ണമായും കൈകൊണ്ടു നിര്‍മിച്ച ബോട്ട് ആണെന്ന് ഗവേഷകര്‍ പറയുന്നു.
നാരുകള്‍ ഉപയോഗിച്ചു തൊഴിലാളികള്‍ കഷ്ടപ്പെട്ടാണ് ബോട്ടിന്റെ തടിക്കഷണങ്ങള്‍ തുന്നിച്ചേര്‍ത്തത്. മെറ്റല്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിനു മുമ്പും ശേഷവും ഈ സാങ്കേതികവിദ്യ ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്നു. എന്നിരുന്നാലും സംബ്രടിജ ബോട്ട് സവിശേഷമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. കാരണം, ഇത് ഇസ്ട്രിയ, ഡാല്‍മേഷ്യ പ്രദേശങ്ങളിലെ ‘പുരാതന നാവിക പാരമ്പര്യത്തിന്റെ’ അതിജീവിക്കുന്ന അപൂര്‍വ ഉദാഹരണമാണെന്ന് ഗവേഷകര്‍ പറയുന്നു.
ബോട്ടിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ജൂലൈ രണ്ടു മുതല്‍ ആരംഭിക്കും. മുങ്ങല്‍ വിദഗ്ധര്‍ ബോട്ടിന്റെ കഷണങ്ങള്‍ ശ്രദ്ധാപൂര്‍വം കരയിലെത്തിക്കും. പുരാതനകാലത്തെ ബോട്ട് നിര്‍മാണ സാങ്കേതികവിദ്യ മനസിലാക്കാന്‍ പഠനങ്ങള്‍ സഹായിക്കുമെന്ന് പറഞ്ഞു.