ആദ്യ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് സുസുക്കി, ‘ഇ വിറ്റാര’, അടുത്ത വര്‍ഷം ഇന്ത്യയില്‍

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാതൃ കമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ആദ്യ മാസ്-പ്രൊഡക്ഷന്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (ബിഇവി) മോഡല്‍ ‘ഇ വിറ്റാര’ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ച മോഡലിന്റെ ഉല്‍പ്പാദനം അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ഗുജറാത്തിലെ പ്ലാന്റില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025ല്‍ തന്നെ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളില്‍ വില്‍പ്പന ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സുസുക്കി മോട്ടോര്‍.

2023 ജനുവരിയില്‍ ഇന്ത്യയില്‍ നടന്ന ഓട്ടോ എക്സ്പോയിലും അതേ വര്‍ഷം ഒക്ടോബറില്‍ നടന്ന ജപ്പാന്‍ മൊബിലിറ്റി ഷോയിലും പ്രദര്‍ശിപ്പിച്ച ‘eVX’ എന്ന കണ്‍സെപ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇ വിറ്റാര. ഇ വിറ്റാരയുടെ ലോഞ്ച് സുസുക്കിയുടെ ആദ്യത്തെ ആഗോള സ്ട്രാറ്റജിക് ബിഇവി മോഡലിനെ അടയാളപ്പെടുത്തുന്നു. ‘ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഒരു കാര്‍ബണ്‍ ന്യൂട്രല്‍ സൊസൈറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിന്, ബിഇവികള്‍, ഹൈബ്രിഡ് വാഹനങ്ങള്‍, സിഎന്‍ജി വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഓപ്ഷനുകള്‍ ഞങ്ങള്‍ നല്‍കും’- സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ പ്രസിഡന്റ് തോഷിഹിരോ സുസുക്കി പറഞ്ഞു.

സിംഗിള്‍, ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണങ്ങള്‍ ഇ വിറ്റാരയില്‍ ഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബേസ്-സ്‌പെക് ട്രിമ്മില്‍ 49 kWh ബാറ്ററി പായ്ക്ക് ക്രമീകരിക്കും. അതേസമയം വലിയ 61 kWh ബാറ്ററി പായ്ക്കും ലഭ്യമാകും. ഒറ്റ ചാര്‍ജില്‍ ഏകദേശം 550 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കും വേണ്ടി രൂപകല്‍പ്പന ചെയ്ത ലിഥിയം-അയണ്‍-ഫോസ്‌ഫേറ്റ് ബാറ്ററികള്‍ക്കൊപ്പം മോട്ടോറും ഇന്‍വെര്‍ട്ടറും സമന്വയിപ്പിക്കുന്ന ഒരു ഇആക്‌സില്‍ ഇലക്ട്രിക് വാഹനത്തിന്റെ പവര്‍ട്രെയിനില്‍ അടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *