അന്യ​ഗ്രഹ ജീവൻ തേടി ‘യൂറോപ്പ ക്ലിപ്പർ’; വ്യാഴത്തിന്‍റെ ചന്ദ്രനിലെത്തുക 2030ൽ

അന്യ​ഗ്രഹ ജീവൻ തേടി കുതിച്ച് യൂറോപ്പ ക്ലിപ്പര്‍. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ യൂറോപ്പയെ ലക്ഷ്യമിട്ടാണ് നാസ ക്ലിപ്പര്‍ പേടകം വിക്ഷേപിച്ചത്. ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.37-ന് ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്പെയ്സ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റിലായിരുന്നു വിക്ഷേപണം. ഭൂമിക്ക് പുറത്തെ ജീവന്‍ തേടിയുള്ള സുപ്രധാന ദൗത്യവുമായിയാണ് വ്യാഴത്തിന്‍റെ ചന്ദ്രനായ യൂറോപ്പയിലേക്ക് നാസയുടെ ക്ലിപ്പർ പേടകം പുറപ്പെട്ടിരിക്കുന്നത്. ഇനി അഞ്ച് വർഷത്തിന്റെ കാത്തിരിപ്പാണ്. യൂറോപ്പയിലെത്താൻ 2.9 ബില്യൺ കിലോമീറ്റർ സഞ്ചരിക്കണം. 2030-ല്‍ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പേടകം എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

ഓക്‌സിജന്‍ കൂടുതലുള്ള യൂറോപ്പയുടെ തണുത്തുറഞ്ഞ ഐസ് പാളികൾക്കടിയിൽ ജലം ഉണ്ടാവാനിടയുണ്ടെന്നാണ് ​ഗവേഷകരുടെ അനുമാനം. അതുകൊണ്ടു തന്നെ ഭൂമിയെ കൂടാതെ ജീവന്‍ നിലനില്‍ക്കാനിടയുള്ള ഇടമായാണ് യൂറോപ്പയെ അവർ കണക്കാക്കുന്നത്. ഭാവിയില്‍ മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ യൂറോപ്പയിലുണ്ടോ എന്നും ക്ലിപ്പർ പഠിക്കും. ഇതിനായി തെര്‍മല്‍ ഇമേജിംഗ്, സ്‌പെക്‌ട്രോമീറ്റര്‍, വിവിധ ക്യാമറകള്‍ എന്നിവ ക്ലിപ്പറില്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങള്‍ യൂറോപ്പയിലെ താപവ്യതിയാനവും രാസപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ കരുത്തുള്ളതാണ്.

1610ല്‍ ഗലീലിയോ ആണ് ക്ലിപ്പർ ഗ്രഹത്തെ കണ്ടെത്തിയത്. അതിനാല്‍ ഗലീലിയന്‍ ഉപഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ഇതിന്‍റെ സ്ഥാനം. ശരാശരി 3,100 കിലോമീറ്ററാണ് യൂറോപ്പയുടെ വ്യാസം. നാസയുടെ ഏറ്റവും വലിയ ഗ്രഹ പേടകമാണ് യൂറോപ്പ ക്ലിപ്പര്‍, ഒരു ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ടിന്‍റെ വലിപ്പമുള്ള ഇതിന്‍റെ ഭാരം 6000 കിലോഗ്രാമാണ് എന്നത് ക്ലിപ്പറിന്‍റെ സാങ്കേതിക മികവ് വ്യക്തമാക്കുന്നു. അഞ്ച് വർഷത്തിലേറെ നീണ്ട യാത്രക്ക് ആവശ്യമായ ഊർജം പകരാന്‍ അത്യാധുനികമായ സോളാർ, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളാണ് ക്ലിപ്പറില്‍ നാസ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *