22ാം വയസിൽ വിരമിച്ച് ഓസ്ട്രേലിയൻ നീന്തൽ താരം; ചെൽസി ഹോ‍ജസ് ഇനി നഴ്സ്

22ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ നീന്തൽ താരം ചെൽസി ഹോ‍ജസ്. ടോക്കിയോ ഒളിംപിക്സിൽ ഓസ്ട്രേലിയൻ റിലേ ടീമിൽ അംഗമായി സ്വർണം നേടുമ്പോൾ 19 വയസ്സേ ചെൽസിക്ക് ഉണ്ടായിരുന്നുള്ളു. ഇപ്പോഴിതാ വിരമിക്കൽ പ്രഖ്യാപനവുമായി കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചെൽസി.

പരിക്കാണ് നേരത്തെയുള്ള വിരമിക്കലിന് നിർബന്ധിതയാക്കിയതെന്നാണ് യുവതാരം പറയ്യുന്നത്. 15ാം വയസിൽ തന്റെ ഇടുപ്പിന് ശസ്ത്രക്രിയ വേണ്ടി വന്നു. കഴിഞ്ഞ വർഷം വീണ്ടുമൊരു ശസ്ത്രക്രിയ നടത്തി. ഇപ്പോൾ ഒരു അറുപത്തഞ്ചുകാരിയുടെ ഇടുപ്പ് പോലെയാണ് തന്റേതും. മരുന്നുകളും കുത്തിവയ്പുകളും തനിക്കു മടുത്തു എന്നും ചെൽസി പറയ്യുന്നു. എങ്കിലും നിന്തൽ കഴിഞ്ഞാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യത്തിനായി ഇനി കൂടുതൽ സമയം കിട്ടുമെന്ന സന്തോഷത്തിലാണ് താനെന്നും താരം പറയ്യുന്നു. നീന്തൽ പരിശീലനത്തിനൊപ്പം തന്നെ തനിക്ക് നഴ്സിങ് ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നു. ഇനി ഇഷ്ടപ്പെട്ട നഴ്സിങ് ജോലിയിലേക്കു പ്രവേശിക്കാമല്ലോ എന്ന സന്തോഷമുണ്ടെന്നും താരം പ്രതികരിച്ചു.

ടോക്കിയോയിൽ സ്വർണം നേടിയ ഓസ്ട്രേലിയൻ മെഡ്‍ലേ റിലേ (4×100 മീറ്റർ) ടീമിൽ അംഗമായിരുന്നു ചെൽസി. റിലേയിൽ ബ്രെസ്റ്റ് സ്ട്രോക് ലാപ്പിലായിരുന്നു ചെൽസി മത്സരിച്ചത്. വ്യക്തിഗതയിനത്തിൽ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ സ്വർണം നേടിയ യുഎസിന്റെ ലിഡിയ ജേക്കബിക്കു, റിലേയിൽ കടുത്ത വെല്ലുവിളി ഉയർത്താൻ ചെൽസിക്കായി. ആ ലാപ്പിലെ ചെൽസിയുടെ പ്രകടനമാണ് ഓസ്ട്രേലിയയെ ഒളിംപിക് റെക്കോർഡോടെ സ്വർണത്തിലേക്കു നയിച്ചത്. യുഎസ് ടീം വെള്ളിയിലൊതുങ്ങുകയായിരുന്നു.

2018ൽ യൂത്ത് ഒളിംപിക്സിൽ വെള്ളി, 2019ൽ ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ വെങ്കലം ടോക്കിയോ ഒളിംപിക്സിൽ റിലേ സ്വർണം, 2022ൽ ലോക ചാംപ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും റിലേയിൽ സ്വർണനേട്ടം ആവർത്തിച്ചു. എന്നാൽ ജൂൺ 10നു തുടങ്ങാനിരിക്കുന്ന ഒളിംപിക്സ് ട്രയൽസിൽ പങ്കെടുക്കാൻ നിൽക്കാതെയാണു ചെൽസി വിടപറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *