ഹാർദിക് പാണ്ഡ്യ എന്താ ചന്ദ്രനിൽനിന്ന് വന്നതാണോ ? രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ

മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശനമുന്നയിച്ച് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ മാറിനിന്ന ഹാർദിക് പാണ്ഡ്യയ്ക്കെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ട് ബിസിസിഐ മടിക്കുന്നു എന്ന് പ്രവീൺ കുമാർ യുട്യൂബ് വിഡിയോയിൽ ചോദിച്ചു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാർഷിക കരാറിൽനിന്നു പുറത്താക്കിയിരുന്നു. ഇതോടെയാണ് പാണ്ഡ്യയ്ക്കെതിരെയും നടപടി വേണമെന്ന് പ്രവീൺ കുമാർ ആവശ്യപ്പെട്ടത്.

“ഹാർദിക് പാണ്ഡ്യ എന്താ ചന്ദ്രനിൽ നിന്ന് വല്ലതും വന്നതാണോ? ഹാർദിക്കും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം. പാണ്ഡ്യയ്ക്കു മാത്രം എന്താണു വേറെ നിയമം? എന്തുകൊണ്ടാണ് ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം ട്വന്റി20 മാത്രം കളിക്കുന്നത്” പ്രവീൺ കുമാർ ചോദിച്ചു. ബിസിസിഐ പാണ്ഡ്യയെ മൂന്നു ഫോർമാറ്റുകളിലും കളിക്കാൻ നിർബന്ധിക്കണമെന്നും രാജ്യത്തിന് ആ താരത്തെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ടെസ്റ്റ് ടീമില്‍ കളിക്കാൻ സമ്മതമല്ലെങ്കിൽ പാണ്ഡ്യ അത് എഴുതി നൽകണമെന്നും ചിലപ്പോൾ ടെസ്റ്റ് ടീമിലേക്കു തന്നെ പരിഗണിക്കേണ്ടെന്നു താരം തന്നെ സെലക്ടർമാരെ അറിയിച്ചിട്ടുണ്ടാകുമെന്നും, എന്നാൽ അക്കാര്യം തനിക്ക് അറിയില്ലെന്നും പ്രവീൺകുമാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ പാണ്ഡ്യയ്ക്കു കാലിൽ പരുക്കേറ്റു. എന്നാൽ മാസങ്ങള്‍ക്കു ശേഷം താരം ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഹാർദിക് ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *