സൂപ്പര്‍ ലീഗ് കേരള: സഞ്ജു സാംസണ്‍ മലപ്പുറം എഫ്‌സിയുടെ സഹ ഉടമ

മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി സഞ്ജു സാംസണ്‍. സഞ്ജു സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടീമായ മലപ്പുറം എഫ്‌സിയുടെ സഹ ഉടമകളിലൊരാളായി മാറിയതായി മലപ്പുറം എഫ്‌സി ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. സഞ്ജു മലപ്പുറം എഫ്‌സിയുടെ ഭാഗമാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല.

ഐ ലീഗ് ക്ലബ്ബായ ഗോകുലം എഫ്.സി.ക്ക് ശേഷം മലപ്പുറം കേന്ദ്രീകരിച്ചുവരുന്ന രണ്ടാമത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് മലപ്പുറം എഫ്.സി. പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നടന്‍ പൃഥ്വിരാജിന്റെ ഫോഴ്‌സാ കൊച്ചിയെ തോല്‍പ്പിച്ച് ഗംഭീര തുടക്കമാണ് മലപ്പുറം എഫ്.സി.ക്ക് ലഭിച്ചത്.

അന്‍വര്‍ അമീന്‍ ചേലാട്ട്, ബേബി നീലാമ്പ്ര, വി.എ.അജ്മല്‍ ബിസ്മി, എ.പി.ഷംസുദ്ദീന്‍, ആഷിഖ് കൈനിക്കര, ജംഷീദ് പി. ലില്ലി എന്നിവരാണു മലപ്പുറം എഫ്‌സിയുടെ മറ്റു സഹ ഉടമകള്‍. ടീമിന്റെ ഹോം ഗ്രൗണ്ട് മഞ്ചേരി പയ്യനാട് സ്റ്റേഡിയമാണ്.

നിലവിൽ ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കായി ആന്ധ്രപ്രദേശിലെ അനന്ത്പുരിലാണ് സഞ്ജു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലെ താരമാണ് സഞ്ജു.

Leave a Reply

Your email address will not be published. Required fields are marked *