ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ; രൂക്ഷവിമര്‍ശനവുമായി അര്‍ജുന രണതുംഗ

ശ്രീലങ്കന്‍ ടീമിന്റേത് ക്രിക്കറ്റ് ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമായിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ ലങ്കന്‍ കായിക മന്ത്രി റോഷന്‍ രണസിംഹെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ബോര്‍ഡിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ലങ്കന്‍ ബോര്‍ഡിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ഇപ്പോഴിതാ ലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലങ്കന്‍ ടീം ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ. ജയ് ഷായാണ് ലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ശ്രീലങ്കന്‍ മാധ്യമത്തോടായിരുന്നു രണതുംഗയുടെ പ്രതികരണം. ബോര്‍ഡിനെ പിരിച്ചുവിട്ടതിനു പിന്നാലെ ഇടക്കാല ഭരണസമിതി ചെയര്‍മാനായി രണതുംഗയെ നിയമിച്ചിരുന്നു.

”ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരും ജയ് ഷായും തമ്മിലുള്ള ബന്ധം കാരണം അവര്‍ക്ക് (ബിസിസിഐ) ലങ്കന്‍ ബോര്‍ഡിനെ ചവിട്ടിമെതിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന ധാരണയിലാണ്. ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് നടത്തുന്നത്. ജയ് ഷായുടെ സമ്മര്‍ദ്ദം കാരണം ബോര്‍ഡ് തകരുകയാണ്. ഇന്ത്യയിലെ ഒരു മനുഷ്യന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ പിതാവ് കാരണം മാത്രമാണ് അദ്ദേഹം ശക്തനായത്.” – രണതുംഗ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *