വയനാടിനൊപ്പം നിൽക്കാൻ കോഹ്ലിയുടെ കൈയ്യൊപ്പ് വീണ ബാറ്റും; ലേലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഉരുൾപ്പൊട്ടലുണ്ടായ വയനാടിനെ സഹായിക്കാൻ താൻ ഒരുപാട് ആഗ്രഹിച്ചു നേടിയ വിരാട് കോഹ്ലിയുടെ കൈയ്യൊപ്പ് വീണ ബാറ്റ് ലേലത്തിന് വയ്ക്കാൻ ഒരുങ്ങുകയാണ് മലയാളിയും ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ലെയ്‌സൻ ഓഫിസറുമായി സിബി ഗോപാലകൃഷ്ണൻ. ലേലത്തിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും വയനാടിന്റെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് സിബി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കിങ് കോഹ്ലിയുടെ പക്കൽ നിന്നും പൂർണ്ണമായ കൈയ്യൊപ്പ് വാങ്ങിയ ഒരു ബാറ്റ് കിട്ടാനുള്ള ആഗ്രഹവും ആ ദിവസങ്ങളെയും തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഓർത്തെടുക്കുന്നുണ്ട് സിബി. സ്വകാര്യ ശേഖരത്തിൽ ഗതകാലങ്ങളെ ഓർഞ്ഞെടുത്ത് ലാളിക്കാനായി കരുതി വച്ചിരുന്നതാണെങ്കിലും ആ തീരുമാനം മാറ്റുകയാണെന്നും, സഹോദരങ്ങൾ മണ്ണിലേക്ക് മടങ്ങുന്ന ഈ കെട്ടകാലത്ത്, വിരാടിൻറെ പൂർണ്ണ കയ്യൊപ്പ് വീണ അതേ ബാറ്റ് ലേലത്തിൽ വയ്ക്കുന്നു. ദുരന്തത്തെ അതിജീവിച്ച അവശേഷിക്കുന്ന സഹോദരങ്ങൾക്കായി മാറ്റി വയ്ക്കാനായി മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. കൂടെ നിൽക്കാൻ എല്ലാവരുമുണ്ടാകുമല്ലോ എന്നും സിബി കുറിച്ചു.

സിബിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രണ്ട് വർഷം കൂടുമ്പോൾ അരങ്ങേറുന്ന ക്രിക്കറ്റിലെ 20-20 മാമാങ്കത്തിൽ ഇന്ത്യൻ ദേശീയ ടീമിൻറെ ലെയ്‌സൺ ഓഫിസർ എന്ന നിലയിൽ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ദേശീയ ടീമിനൊപ്പം അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമായി മുപ്പത്തിയഞ്ച് ദിവസങ്ങൾ. അനിശ്ചിതത്തിൻറെ ഭംഗിയാകെ കോരിനിറച്ച് ഓരോ നിമിഷങ്ങളെയും ഉദ്വേഗജനകമാക്കുന്ന ക്രിക്കറ്റ് എന്ന കായിക കലയെ സിരകളിൽ ആവാഹിച്ച് ഓരോ കളിക്കാരുടെയും കൂടെ നിന്ന അപൂർവ്വ നിമിഷങ്ങൾ.

വൃത്താകാരമുള്ള പുൽമൈതാനങ്ങൾക്ക് പുറത്ത് കളിക്കാരുടെ ക്ഷേമ സൗകര്യങ്ങളെ സംബന്ധിച്ച കാര്യങ്ങളുമായി കൂടിക്കുഴയുമ്പോഴും കൂടെ കൂട്ടിയ ആഗ്രഹവുമുണ്ടായിരുന്നു. കിങ് കോലിയുടെ പക്കൽ നിന്നും പൂർണ്ണമായ കൈയ്യൊപ്പ് വാങ്ങിയ ഒരു ബാറ്റ്. സഹതാരങ്ങൾ പോലും ആരാധനയോടും ബഹുമാനത്തോടും കൂടി മാത്രം കാണുന്ന കോലിയോട് ഈ ആഗ്രഹം ഒന്ന് പറയാൻ ഒടുവിൽ ലോകക്കപ്പും സ്വന്തമാക്കി നാട്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പുവരെ കാത്തിരിക്കേണ്ടി വന്നു. മുൻപായി ആഗ്രഹം അറിയിച്ചു. തിരക്കിനിടയിലും പുഞ്ചിരിയോടെ ആഗ്രഹം നിവർത്തിച്ചു തന്ന ആ നല്ല മനസ്സിന് നന്ദി.

സ്വകാര്യ ശേഖരത്തിൽ ഗതകാലങ്ങളെ ഓർഞ്ഞെടുത്ത് ലാളിക്കാനായി കരുതി വച്ച വിരാട് കോലിയുടെ പൂർണ്ണ കൈയ്യൊപ്പ് വീണ ആ ബാറ്റ് എൻറെ വശമുണ്ട്. ഇപ്പോൾ എൻറെ നാട്ടിൽ, വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലുമൊക്കെയായി ഉരുൾപൊട്ടലിൽ മണ്ണെടുത്ത സഹോദരങ്ങൾ മണ്ണിലേക്ക് മടങ്ങുന്ന ഈ കെട്ടകാലത്ത്, മാറുന്ന തീരുമാനം എല്ലാവർക്കുമായി അറിയിക്കട്ടെ.

വിരാടിൻറെ പൂർണ്ണ കയ്യൊപ്പ് വീണ അതേ ബാറ്റ് ഞാൻ ലേലത്തിൽ വയ്ക്കുന്നു. ഏറ്റവും ഉയർന്ന തുക നൽകുന്നയാളിന് ബാറ്റ് സ്വന്തമാക്കാം. മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും. ദുരന്തത്തെ അതിജീവിച്ച അവശേഷിക്കുന്ന സഹോദരങ്ങൾക്കായി മാറ്റി വയ്ക്കാൻ. കൂടെ നിൽക്കാൻ എല്ലാവരുമുണ്ടാകുമല്ലോ

സ്‌നേഹപൂർവ്വം, സിബി ഗോപാലകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *