ഫിഫ പുരുഷ ലോകകപ്പ് യോഗ്യതാ മത്സരം മൂന്നാം റൗണ്ടിൽ ഇന്ത്യയ്ക്ക് അഫ്ഗാനിസ്താനെതിരേ ഗോള്‍രഹിത സമനില. സൗദി അറേബ്യയിലെ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന കളിയിലുടനീളം ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച രീതിയിൽ മുന്നേറുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തെങ്കിലും ഗോളടിക്കാന്‍ മാത്രം സാധിച്ചില്ല. അങ്ങനെ ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ കളഞ്ഞുകുളിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും ഗോളടിക്കാനുള്ള അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി.
ഇവര്‍ക്കൊപ്പം മന്‍വീര്‍ സിങ്ങിനെയും പകരക്കാരായി ലിസ്റ്റണ്‍ കൊളാസോ, ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ്, മഹേഷ് സിങ് എന്നിവരെയും ഇറക്കിയെങ്കിലും പന്ത് വലയിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. പരിക്ക് കാരണം മലയാളി താരം സഹല്‍ അബ്ദുസ്സമദ് കളിച്ചിരുന്നില്ല. ഇതോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. കാരണെം 2026 ഫുട്ബോള്‍ ലോകകപ്പിനുപുറമേ 2027-ലെ എ.എഫ്.സി. ഏഷ്യന്‍കപ്പ് ഫുട്ബോളിന് യോഗ്യതനേടാനും വരും മത്സരങ്ങളിൽ ഇന്ത്യക്ക് മികച്ച കാഴ്ച്ചവെച്ചേ മതിയാവു.