ലഭിച്ചത് മികച്ച തുടക്കം; പിന്നീട് തകർന്നടിഞ്ഞു, ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റിൽ ഇന്ത്യ 153ന് പുറത്ത്

153ന് നാല് എന്ന നിലയിൽ നിന്നും 153ന് ഓൾ ഔട്ട് ആയി ഇന്ത്യ . മുഹമ്മദ് സിറാജിന്റെ ഉഗ്രൻ സ്‌പെല്ലിന് അതേനാണയത്തിൽ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോൾ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 153ന് അവസാനിച്ചു. പേസർമാർ നിറഞ്ഞാടുന്ന പിച്ചിൽ ഇപ്പോഴും ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. കാരണം ഇന്ത്യക്കിപ്പോൾ 98 റൺസിന്റെ ലീഡ് ഉണ്ട്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 55 റൺസിനാണ് അവസാനിച്ചത്. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദ, ലുങ്കി എൻഗിഡി, നാന്ദെ ബർഗർ എന്നിവരാണ് ഇന്ത്യയെ തകർത്തത്. ഓരോവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എൻഗിഡിയാണ് ഇന്ത്യക്ക് വൻ പ്രഹരമേൽപ്പിച്ചത്.

ഏഴ് ബാറ്റർമാർക്ക് രണ്ടക്കം പോലും കടക്കാൻ കഴിഞ്ഞില്ല. ഇതിൽ ആറ് പേർക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. 46 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. നായകൻ രോഹിത് ശർമ്മ(36) ശുഭ്മാൻ ഗിൽ(36) എന്നിവരും രണ്ടക്കം കടന്നു.

അവസാന പതിനൊന്ന് പന്തുകളിലാണ് ഇന്ത്യയുടെ ആറ് വിക്കറ്റുകൾ വീണത്. ചായക്ക് പിരിയുമ്പോൾ വിരാട് കോഹ്‌ലിയും ലോകേഷ് രാഹുലുമായിരുന്നു ക്രീസിൽ. ഇരുവരും ദക്ഷിണാഫ്രിക്കൻ പേസർമരെ കരുതലോടെ നേരിട്ട് വരികയായിരുന്നു. എന്നാൽ ചായക്ക് ശേഷം ഇന്ത്യ തകർന്നടിഞ്ഞു. ആദ്യം വീണത് രാഹുൽ, വിക്കറ്റിന് തുടക്കമിട്ടത് എൻഗിഡിയും. പിന്നീട് ബാറ്റർമാർ വരിവരിയായി കൂടാരം കയറി. ഇതിനിടയിൽ സിറാജിന്റെ വിക്കറ്റ് റൺഔട്ടിലൂടെയും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *