ശനിയാഴ്ച നടന്ന ലഖ്‌നോ സൂപ്പർജെയ്ന്റിനെതിരായ രാജസ്ഥാൻ റോയൽസിന്റെ തോൽവിക്ക് കാരണം ഒത്തുകളിയെന്ന് ആരോപണം. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അഡ്‌ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനിയാണ് ആരോപണം ഉന്നയിച്ചത്. മത്സരത്തിൽ 181 റൺസെന്ന ലഖ്‌നോ ഉയർത്തിയ വിജയലക്ഷ്യം മറികടക്കാൻ രാജസ്ഥാന് കഴിഞ്ഞിരുന്നില്ല.
രണ്ട് റൺസിനാണ് രാജസ്ഥാൻ റോയൽസ് ലഖ്‌നോവിനോട് തോറ്റത്. അവസാന ഓവറിൽ ഒമ്പത് റൺസാണ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ, ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ ആറ് വിക്കറ്റ് ബാക്കിനിൽക്കെ ലക്ഷ്യംമറികടക്കാൻ രാജസ്ഥാന് സാധിച്ചിരുന്നില്ല.
ഹോം മത്സരത്തിൽ കുറഞ്ഞ റൺസ് ചേസ് ചെയ്യാൻ സാധിക്കാതെ ടീം ഇത്തരത്തിൽ തോൽക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. 2013 ഐ.പി.എല്ലിനിടെ രാജസ്ഥാൻ റോയൽസ് കോഴവിവാദത്തിൽ കുടുങ്ങിയതും ജയ്ദീപ് ബിഹാനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതുമൂലം രണ്ട് സീസണിൽ രാജസ്ഥാന് വിലക്ക് നേരിട്ടതിനെ സംബന്ധിച്ചും അദ്ദേഹം പ്രതികരണം നടത്തിയത്. ഇക്കാര്യത്തിൽ ബി.സി.സി.ഐ അന്വേഷണം നടത്തണമെന്നും ബിഹാനി ആവശ്യപ്പെട്ടു. ഐ.പി.എല്ലിൽ എട്ട് മത്സരങ്ങൾ കളിച്ച രാജസ്ഥാന് രണ്ടെണ്ണത്തിൽ മാത്രമാണ് രാജസ്ഥാന് വിജയിക്കാനായത്. നിലവിൽ നാല് പോയിന്റോടെ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ.