റയൽ ക്യാമ്പില്‍ ക്രിസ്റ്റ്യാനോ; ആശ്ലേഷിച്ച് ആഞ്ചലോട്ടിയും കാർലോസും

റയൽ മാഡ്രിഡിന്‍റെ ക്യാംപ് സന്ദർശിച്ച് ക്ലബിന്‍റെ മുന്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. റിയാദിൽ സ്‌പാനിഷ് സൂപ്പർ കപ്പ് ഫൈനലിനെത്തിയതാണ് റയൽ മാഡ്രിഡ് ടീം. ഇതിനിടെയാണ് ക്രിസ്റ്റ്യാനോ പരിശീലന ഗ്രൗണ്ടിലെത്തി പരിശീലകൻ കാർലോ ആഞ്ചലോട്ടി, ഇതിഹാസ താരം റോബർട്ടോ കാർലോസ് എന്നിവരുമായി സൗഹൃദം പങ്കുവച്ചത്. ക്രിസ്റ്റ്യാനോയുടെ സന്ദര്‍ശനത്തിന്‍റെ വീഡിയോ റയല്‍ ടീം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. റയല്‍ താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്‌തു റോണോ. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ സിആര്‍7ന് ഒപ്പമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 

നാളെ വൈരികളായ ബാഴ്‌സലോണയാണ് സ്‌പാനിഷ് സൂപ്പർ കപ്പിൽ റയല്‍ മാഡ്രിഡിന്‍റെ എതിരാളികൾ. ബാഴ്സലോണ സെമിയിൽ റയൽ ബെറ്റിസിനെയാണ് തോൽപിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും രണ്ട് ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. റോബർട്ട് ലെവൻഡോവ്സ്‌‌കിയും അൻസു ഫാറ്റിയുമായിരുന്നു ബാഴ്‌സയുടെ സ്കോറർമാർ. നബീൽ ഫെക്കിറും ലോറൻസോ ഗാർസ്യയുമാണ് ബെറ്റിസിനായി ഗോൾ നേടിയത്. ഷൂട്ടൗട്ടിൽ ബെറ്റിസിന്‍റെ രണ്ട് കിക്കുകൾ തടുത്ത ഗോളി ടെർസ്റ്റഗനാണ് ബാഴ്സയെ രക്ഷിച്ചത്. ഷൂട്ടൗട്ടിൽ ലെവൻഡോവ്സ്‌കി, കെസ്സി, ഫാറ്റി, പെഡ്രി എന്നിവർ ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടു. 

Leave a Reply

Your email address will not be published. Required fields are marked *