യൂറോയിൽ ചരിത്രമെഴുതി ലാമിന്‍ യമാല്‍; സ്പാനിഷ് പടയുടെ ഇളമുറക്കാരന്‍

യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സ്പെയിന്‍റെ ലാമിന്‍ യമാല്‍. കളിയുടെ 21-ാം മിനിറ്റില്‍ ലാമിന്‍ യമാല്‍ വണ്ടര്‍ ഗോളിലൂടെ സ്‌പെയിനിനെ സമനിലയിലെത്തിച്ചിരുന്നു. 16 വയസും 362 ദിവസവുമാണ് യമാലിന്റെ പ്രായം. ഇംഗ്ലണ്ട് അല്ലെങ്കില്‍ നെതര്‍ലാന്‍ഡ്സിനെതിരെ ബെര്‍ലിനില്‍ നടക്കുന്ന ഫൈനലിന് മുമ്പ് യമാലിന് 17 വയസ്സ് തികയും. യൂറോ കപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെ ലോങ് റേഞ്ചര്‍ ഷോട്ടിലൂടെയായിരുന്നു യമാലിന്റെ യൂറോയിലെ ആദ്യ ഗോള്‍. ഇതോടെ സ്വിറ്റ്സര്‍ലന്‍ഡിന്റെ യൊഹാന്‍ വോന്‍ലാദൻ 2004 ല്‍ ഫ്രാന്‍സിനെിരെ നേടിയ ഗോളാണ് യമാല്‍ പഴയങ്കഥയാക്കിയത്. അന്ന് 18 വയസും 141 ദിവസവുമായിരുന്നു യൊഹാന്റെ പ്രായം.

സെമി ഫൈനലിന് കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ യമാല്‍ മറ്റൊരു ചരിത്രം കുറിച്ചിരുന്നു. ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതായിരുന്നു അത്. 1958-ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ഇതിഹാസതാരം പെലെ സ്ഥാപിച്ച റെക്കോഡാണ് ഇതോടെ യമാല്‍ മറികടന്നത്. ഇത് കൂടാതെ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും സ്‌പെയിന്‍ ജഴ്‌സിയില്‍ ഗോള്‍ നേടിയ പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡും ലാമിന്‍ യമാല്‍ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *