മുഷ്താഖ് അലി ട്രോഫി ടൂർണമെന്റ് ; വിജയക്കുതിപ്പ് തുടർന്ന് കേരളം

മുഷ്താഖ് അലി ട്രോഫി ടി-20 ടൂര്‍ണമെന്‍റില്‍ വിജയക്കുതിപ്പ് ആവർത്തിച്ച് കേരളം. ഒഡിഷക്കെതിരെ 50 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ കേരളം പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി. കേരളം ഉയര്‍ത്തിയ 184 രണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷയെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും നാലു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലും ചേര്‍ന്നാണ് വീഴ്ത്തിയത്. 37 റണ്‍സെടുത്ത സുബ്രാന്‍ഷു സേനാപതിയാണ് ഒഡിഷയുടെ ടോപ് സ്കോറര്‍. സ്കോര്‍ കേരളം 20 ഓവറില്‍ 183-4, ഒഡിഷ 18.1 ഓവറില്‍ 133ന് ഓള്‍ ഔട്ട്.

കേരളം ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷക്ക് ആദ്യ ഓവറിലെ തിരിച്ചടിയേറ്റു. ഓപ്പണര്‍ പ്രയാഷ് സിങിനെ(0) ബേസില്‍ തമ്പി മടക്കി. സന്ദീപ് പട്നായിക്കും(10), സേനാപതിയും ചേര്‍ന്ന് ഒഡിഷയെ 42 റണ്‍സിലെത്തിച്ചു. പിന്നീട് ആക്രമണം ഏറ്റെടുത്ത ജലജ് സക്സേനയും ശ്രേയസ് ഗോപാലും ചേര്‍ന്ന് ഒഡിഷയെ എറിഞ്ഞിട്ടു. 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗോവിന്ദ് പോഡാറും 28 റണ്‍സെടുത്ത രാജേഷ് ധുപെറും മാത്രമാണ് സേനാപതിക്ക് പുറമെ ഒഡിഷക്കായി പൊരുതിയത്.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം നായകന്‍ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും ഓപ്പണര്‍ വരുണ്‍ നായനാരുടെയും വിഷ്ണു വിനോദിന്‍റെയും ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സടിച്ചത്.

പവര്‍ പ്ലേയില്‍ തന്നെ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരനായ ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിനെ(16) നഷ്ടമായ കേരളത്തെ രണ്ടാം വിക്കറ്റില്‍ വരുണ്‍ നായനാരും വിഷ്ണു വിനോദും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കരകയറ്റി. 38 പന്തില്‍ 48 റണ്‍സെടുത്ത വരുണ്‍ നായനാര്‍ പുറത്തായശേഷം നാലാം നമ്പറിലാണ് സഞ്ജു ക്രീസിലെത്തിയത്.വിഷ്ണു വിനോദിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ സഞ്ജു 31 പന്തില്‍ 55 റണ്‍സുമായി പുറത്താകാതെ നിന്നു.27ന് ആസമിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *