മാറക്കാനയിലേത് ബ്രസീലിന്റെ ചരിത്ര തോൽവി; ഫുട്ബോൾ യോഗ്യത റൗണ്ടിൽ ബ്രസീൽ ഹോം ഗ്രൌണ്ടിൽ തോൽക്കുന്നത് ആദ്യം

അർജന്റീനയോട് തോൽവി വഴങ്ങി എന്നത് മാത്രമല്ല , മാറക്കാനയിലേത് ബ്രസീലിന്റെ ചരിത്ര തോൽവി കൂടി ആയി മാറിയിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീല്‍ ടീം ഹോം സ്റ്റേഡിയത്തില്‍ തോല്‍വി നേരിടുന്നത്. അതും ലാറ്റിനമേരിക്കയിലെ വൈരികളായ അര്‍ജന്‍റീനയോട് ദയനീയ പ്രകടനം കാഴ്‌ചവെച്ച്. നെയ്‌മറും വിനീഷ്യസ് ജൂനിയറും റിച്ചാര്‍ലിസണും ഇല്ലാത്തത് ഒഴിവുകഴിവ് പറഞ്ഞാലും ഈ നാണംകെട്ട റെക്കോര്‍ഡ് ബ്രസീലിയന്‍ ഫുട്ബോളിന്‍റെ ഹൃദയമായ മാറക്കാനയില്‍ കണ്ണീര്‍ക്കളമായി തളംകെട്ടിക്കിടക്കും. ചരിത്ര തോല്‍വിക്ക് വിഖ്യാതമായ മാറക്കാന വേദിയായി എന്നതും ബ്രസീലിയന്‍ ഫുട്ബോളിന് കളങ്കമായി.

ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീനയോട് ബ്രസീല്‍ പരാജയപ്പെടുകയായിരുന്നു. 63-ആം മിനിറ്റില്‍ ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ ഉയര്‍ന്ന് ചാടിയ നിക്കോളാസ് ഒട്ടാമെന്‍ഡി അര്‍ജന്‍റീനയ്‌ക്ക് ജയമൊരുക്കുകയായിരുന്നു. ഇതോടെ ചരിത്രത്തിലാദ്യമായി ബ്രസീല്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരം തോറ്റു. അര്‍ജന്‍റീനയ്‌ക്ക് എതിരെ ഇറങ്ങുമ്പോള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 51 ജയവും 13 സമനിലയുമായിരുന്നു ഹോം മൈതാനങ്ങളില്‍ കാനറികളുടെ അക്കൗണ്ടിലുണ്ടായിരുന്നത്. തോല്‍വി മണത്തതോടെ മത്സരത്തിന് അവസാന വിസില്‍ വീഴും മുമ്പേ ബ്രസീലിയന്‍ കാണികള്‍ മൈതാനം വിട്ടുതുടങ്ങിയതും മാറക്കാനയില്‍ അപ്രതീക്ഷിത കാഴ്‌ചയായി. 

Leave a Reply

Your email address will not be published. Required fields are marked *