‘മാനസിക സമ്മർദത്തിലാണ്, ഗുസ്തി മത്സരത്തിലേക്ക് തരിച്ചുവരില്ല’; സാക്ഷി മാലിക്

ഗുസ്തി മത്സരവേദിയിലേക്ക് തിരിച്ചുവരില്ലെന്ന് ഒളിമ്പിക് വെങ്കലമെഡൽ ജേതാവ് സാക്ഷി മാലിക്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരേ ലൈംഗികാതിക്രമം ആരോപിച്ച് നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിൽ സാക്ഷി മാലിക് ഗുസ്തിമത്സരങ്ങളിൽനിന്ന് പിൻവാങ്ങിയിരുന്നു. ബ്രിജ്ഭൂഷണെതിരേ നടപടിയില്ലാത്തിനെത്തുടർന്ന് കഴിഞ്ഞവർഷം ഡിസംബറിലാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്.

ബ്രിജ് ഭൂഷനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അറസ്റ്റുചെയ്യണമെന്നും സാക്ഷി മാലിക്കും സഹതാരങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബ്രിജ്ഭൂഷനെ നീക്കി പകരം അദ്ദേഹത്തിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ പ്രസിഡന്റായി നിയമിച്ചു. ഇതോടെ, ഗുസ്തിതാരങ്ങൾ വീണ്ടും പ്രതിഷേധമുയർത്തിയിരുന്നു.

ഇതിനിടെ, സാക്ഷി ഗുസ്തിമത്സരത്തിലേക്ക് തിരിച്ചുവരുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനാണ് ഇപ്പോൾ മറുപടി നൽകിയത്. ഒരുവർഷത്തിലേറെയായി മാനസിക സമ്മർദത്തിലാണെന്നും പ്രതിഷേധം തുടരുകയാണെന്നും ഇതിനിടയ്ക്ക് ഗുസ്തി മത്സരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *