‘പുതിയ കളിക്കാരെ കൊണ്ടുവരാനുള്ള സമയമാണിത്’ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഷാക്കിബ് അൽ ഹസൻ

അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. ടി20-യില്‍ നിന്നും ടെസ്റ്റില്‍ നിന്നുമാണ് ഷാക്കിബ് അല്‍ ഹസന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഷാക്കിബ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടി 20 ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി അറിയിച്ച ഷാക്കിബ്, അടുത്ത മാസം മിര്‍പുരില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടില്‍ നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനും ആ​ഗ്രഹിക്കുന്നതായി വ്യക്തമാക്കി.

സുരക്ഷാകാരണങ്ങൾകൊണ്ട് മിര്‍പുരിലെ മത്സരം നടന്നില്ലാ എങ്കിൽ വെള്ളിയാഴ്ച ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മത്സരം തന്റെ അവസാന ടെസ്റ്റായിരിക്കുമെന്നും ഷാക്കിബ് പറഞ്ഞു. കഴിഞ്ഞ ടി20 ലോകകപ്പോടെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചു. അടുത്തവര്‍ഷം പാക്കിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിന ക്രിക്കറ്റും മതിയാക്കും. എന്നാൽ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ തുടരുമെന്നും ഷാക്കിബ് അൽ ഹസൻ പറഞ്ഞു. പുതിയ കളിക്കാരെ കൊണ്ടുവരാനുള്ള ശരിയായ സമയമാണിതെന്നും 37 കാരനായ ഷാക്കിബ് അൽ ഹസൻ വ്യക്തമാക്കി.

129 ടി20 മത്സരങ്ങളില്‍ നിന്ന് 2551 റണ്‍സും 149 വിക്കറ്റുകളും ഷാക്കിബ് നേടിയിട്ടുണ്ട്. 70 ടെസ്റ്റുകളില്‍ നിന്നായി 38.33 ശരാശരിയില്‍ 4600 റണ്‍സ് നേടി. അഞ്ചു സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. ടെസ്റ്റിലാകട്ടെ 242 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2007 മേയില്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഷാക്കിബ് അൽ ഹസന്റെ ടെസ്റ്റ് അരങ്ങേറ്റം. ബംഗ്ലാദേശിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഷാക്കിബ്. ടെസ്റ്റില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ഏക ബംഗ്ലാദേശ് ബൗളറും ഷാക്കിബ് അൽ ഹസനാണ്.

Leave a Reply

Your email address will not be published. Required fields are marked *