പാകിസ്താന്‍-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര അടച്ചിട്ട വേദിയില്‍; ടിക്കറ്റ് വില്‍പ്പനെ നിര്‍ത്തിവെച്ചു, ടിക്കറ്റ് വാങ്ങിയവർക്ക് തുക മടക്കിനല്‍കും

അടച്ചിട്ട വേദിയില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നടത്താന്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനിച്ചു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുവേണ്ടി ഗ്രൗണ്ടില്‍ ഒരുക്കങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിന്റെ പണി പുരോഗമിക്കുന്നതിനാലാണ് കാണികളെ കറാച്ചിയിലെ സ്‌റ്റേഡിയത്തിലേക്ക് അനുവദിക്കെണ്ട എന്ന തീരുമാനം ബോര്‍ഡ് എടുത്തത്. കോവിഡ് കാലത്താണ് മുന്‍പ് കാണികളില്ലാതെ ക്രിക്കറ്റ് മത്സരം നടത്തിയിരുന്നത്.

ഇതോടെ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ നിശ്ചയിച്ച മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനെ നിര്‍ത്തിവെച്ചു. ടിക്കറ്റ് നേരത്തേ വാങ്ങിവെച്ചവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് പി.സി.ബി. അറിയിച്ചിട്ടുണ്ട്. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി ഏകദേശം 17 ബില്യണ്‍ രൂപയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെലവഴിക്കുന്നത്.

അതേസമയം, അടുത്തവര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോകാൻ സാധ്യതയില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും പോകാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം അറിയിക്കുമെന്നാണ് ബി.സി.സി.ഐ. വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *