ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ആവേശ ജയം. 112 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിറങ്ങിയ കൊൽക്കത്ത 15.1 ഓവറിൽ വെറും 95 റൺസിന് ഓൾഔട്ടായി.
നാലു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനുമാണ് പഞ്ചാബിന് ജയമൊരുക്കിയത്. 28 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 37 റൺസെടുത്ത ആംഗ്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ.
കൊൽക്കത്തക്ക് ഏഴു റൺസിനിടെ ഓപ്പണർമാരായ സുനിൽ നരെയനെയും (5), ക്വിന്റൺ ഡിക്കോക്കിനെയും (2) അവർക്ക് നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ അജിങ്ക്യ രഹാനെ – ആംഗ്രിഷ് രഘുവംശി സഖ്യം 55 റൺസ് കൂട്ടിച്ചേർത്തതോടെ കൊൽക്കത്തയ്ക്ക് വിജയ പ്രതീക്ഷയുണ്ടായി
എന്നാൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടത് കൊൽക്കത്തയെ സമ്മർദത്തിലാക്കി. എട്ടാം ഓവറിൽ രഹാനെ (17), പത്താം ഓവറിൽ രഘുവംശി (37), 11-ാം ഓവറിൽ വെങ്കടേഷ് അയ്യർ (7), 12-ാം ഓവറിൽ റിങ്കു സിങ് (2). അതേ ഓവറിലെ തൊട്ടടുത്ത പന്തിൽ രമൺദീപ് സിങ് (0) എന്നിവരെ നഷ്ടമായതോടെ കൊൽക്കത്ത ഏഴിന് 76 റൺസ് എന്ന നിലയിലായി. ആന്ദ്രേ റസ്സൽ ക്രീസിലുണ്ടായിരുന്നതായിരുന്നു കൊൽക്കത്തയുടെ പ്രതീക്ഷ. ഇതിനിടെ ഹർഷിത് റാണ (3), വൈഭവ് അറോറ (0) എന്നിവരെയും മടക്കി പഞ്ചാബ് കളിതിരിച്ചു. 16-ാം ഓവറിലെ ആദ്യ പന്തിൽ റസ്സലിനെ (11 പന്തിൽ 17) പുറത്താക്കി യാൻസൻ പഞ്ചാബിന്റെ ജയം കുറിച്ചു.
.