പഞ്ചാബിനെ തളച്ച് കേരളാ ബ്ലാസ്റ്റേഴ്സ്; ഇത് സീസണിലെ ആറാം ജയം

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്.സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ ജയം. മത്സരത്തിന്‍റെ 51ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ദിമിത്രിയോസ് ഡയമന്‍റകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. മികച്ച മാർജിനിൽ ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഗോവയെ മറികടന്ന് പോയന്‍റ് പട്ടികയിൽ ഒന്നാമതെത്താമായിരുന്നു. നിലവിൽ ഇരുവർക്കും 20 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗോവയാണ് ഒന്നാമത്. പരിക്കുകാരണം സൂപ്പർതാരം അഡ്രിയാൻ ലൂണ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.

49ആം മിനിറ്റിൽ ബോക്സിനുള്ളിൽ മുഹമ്മദ് എയ്മനെ ഫൗൾ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി റഫറി പെനാൽറ്റി വിളിച്ചത്. കിക്കെടുത്ത ഡയമന്‍റകോസിന് പിഴച്ചില്ല. താരത്തിന്‍റെ ഇടങ്കാൽ ഷോട്ട് വലയിൽ. 53ആം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽ ബ്ലാസ്റ്റേഴ്സിന് അനുകൂല ഫ്രീകിക്ക്. വിപിൻ മോഹനന്‍റെ കിക്ക് ഇടതുപോസ്റ്റിൽ തട്ടി മടങ്ങി. തൊട്ടുപിന്നാലെ മുഹമ്മദ് അസ്ഹറിന്‍റെ ഷോട്ടിന് മാർകോ ലെസ്കോവിച്ചിന്‍റെ ഹെഡർ. പന്ത് വീണ്ടും ഇടതു പോസ്റ്റിൽ തട്ടി മടങ്ങി. ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണങ്ങൾക്ക് മൂർച്ചയില്ലായിരുന്നു.

എന്നാൽ, രണ്ടാംപകുതിയിൽ ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. പഞ്ചാബ് ടീമിന്റെ ഹോം ഗ്രൗണ്ടായ ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു മത്സരം. പന്ത് കൈവശം വെക്കുന്നതിലും പാസ്സിങ് ഗെയിമിലും മഞ്ഞപ്പടക്കായിരുന്നു മൂൻതൂക്കം. റഫറിമാരെ വിമർശിച്ചതിന് അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയ പരിശീലകൻ ഇവാൻ വുകോമാനോവിചിന്റെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. നിലവിൽ എട്ടു മത്സരങ്ങളിൽനിന്ന് ഗോവക്ക് 20 പോയന്‍റാണ്. രണ്ടാമതുള്ള ബ്ലാസ്റ്റേഴ്സിന് 10 മത്സരങ്ങളിൽനിന്ന് 20 പോയന്‍റും.

Leave a Reply

Your email address will not be published. Required fields are marked *