ട്വന്റി-20 ലോകകപ്പ് ; ഇന്ത്യൻ ടീം യാത്ര തിരിക്കുക രണ്ട് സംഘങ്ങളായി

വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ഇന്ത്യൻ സംഘം യാത്രതിരിക്കുക രണ്ട് ബാച്ചുകളായെന്ന് റിപ്പോർട്ട്. ഐപിഎൽ നടക്കുന്ന സാഹചര്യത്തിലാണ് ടീം ഒന്നിച്ച് പോകുന്ന സാഹചര്യം ഒഴിവാക്കുന്നത്. പ്ലേഓഫ് കാണാതെ പുറത്താകുന്ന ടീമിൽ ഉൾപ്പെടുന്ന താരങ്ങൾ നേരത്തെ ഫ്‌ളൈറ്റ്കയറും. നിലവിൽ മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും പ്ലേഓഫ് കാണാതെ പുറത്തായി. മുംബൈ പുറത്തായതോടെ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യ ബാച്ചിനൊപ്പം യാത്രതിരിക്കുമെന്നാണ് പിടിഐ റിപ്പോർട്ട്.

മെയ് 24നാകും ആദ്യസംഘം കരീബിയൻ ദ്വീപിലേക്കായി യാത്രതിരിക്കുക. ടീം ഇന്ത്യയുടെ പരിശീലകർ ഇവർക്കൊപ്പമുണ്ടാകും. രണ്ടാം ബാച്ച് താരങ്ങൾ ഐപിഎൽ ഫൈനലിന് ശേഷം മാത്രമായിരിക്കും ട്വന്റി-20 ടൂർണമെന്റിനായി യാത്രതിരിക്കുക. മെയ് 26നാണ് ഐപിഎൽ ഫൈനൽ. ഇതിനകം പ്ലേഓഫ് ഉറപ്പിച്ചതിനാൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ രണ്ടാം സംഘത്തിനൊപ്പമായിരിക്കും യാത്രതിരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. പ്ലേ ഓഫ് ഉറപ്പിച്ച മറ്റൊരു ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് റിങ്കു സിങ് റിസർവ് സംഘത്തിൽ ഇടംപിടിച്ചിരുന്നു. വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി ജൂൺ 1 മുതൽ 29 വരെയാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ഇംഗ്ലണ്ട് താരങ്ങളും പ്ലേഓഫിന് മുൻപായി നാട്ടിലേക്ക് മടങ്ങും.

സ്‌ക്വാഡ്: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. റിസർവ് താരങ്ങൾ: ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേഷ് ഖാൻ.

Leave a Reply

Your email address will not be published. Required fields are marked *