ടീമിനെ രക്ഷിച്ച സെഞ്ച്വറി; അരങ്ങേറ്റം ആഘോഷമാക്കി കമ്രാന്‍ ഗുലാം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാൻ ടീമിൽ ബാബര്‍ അസമിന് പകരക്കാരനായി എത്തിയ കമ്രാന്‍ ഗുലാം അരങ്ങേറ്റം കുറിച്ചത് സെഞ്ച്വറിയടിച്ച്. 29ാം വയസിലാണ് താരം പാക് ടീമില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പാക് ഇന്നിങ്‌സിനെ രക്ഷപ്പെടുത്തുന്നതിലും താരത്തിന്റെ ബാറ്റിങ് നിര്‍ണായകമായി. 118 റണ്‍സുമായി താരം ബാറ്റിങ് തുടരുന്നു. ഒപ്പം 25 റണ്‍സുമായി മുഹമ്മദ് റിസ്വാനും. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയില്‍. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം, സൂപ്പര്‍ പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസിം ഷാ എന്നിവരെ ഒഴിവാക്കിയാണ് പാകിസ്ഥാന്‍ ഇറങ്ങിയിരിക്കുന്നത്. നേരത്തെ ഓപ്പണര്‍ സയിം അയൂബ് അര്‍ധ സെഞ്ച്വറി നേടി പുറത്തായിരുന്നു. താരം 77 റണ്‍സ് നേടിയാണ് മടങ്ങിയത്.

പാക് തുടങ്ങിയത് തകര്‍ച്ചയോടെയായിരുന്നു. 19 റണ്‍സിനിടെ 2 വിക്കറ്റുകള്‍ നഷ്ടമായി. കഴിഞ്ഞ ടെസ്റ്റില്‍ തിളങ്ങിയ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് (7), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (3) എന്നിവര്‍ വേഗം തന്നെ മടങ്ങി. പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സയിം അയൂബ്- കമ്രാന്‍ ഗുലാം സഖ്യമാണ് ടീമിനെ മുന്നോട്ടു കൊണ്ടു പോയത്.

Leave a Reply

Your email address will not be published. Required fields are marked *