ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെ‌ടുത്തതാണെന്ന് ഭാര്യയുടെ വെളിപ്പെടുത്തൽ; കാരണം വിഷാദം

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് സ്വന്തം ജീവനെടുത്തതാണെന്ന വെളിപ്പെടുത്തലുമായി ഭാര്യ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തോര്‍പ്പ് കടുത്ത വിഷാദത്തിലായിരുന്നുവെന്നും ചികിത്സകളൊന്നും ഫലം കണ്ടില്ലെന്നും തോർപിന്റെ ഭാര്യ അമാൻഡ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികവും ശാരീരികവുമായി വലിയ പ്രയാസങ്ങൾ അനുഭവിക്കുകയായിരുന്നു തോര്‍പ്പ്. കുറച്ചു നാൾ കഴിഞ്ഞപ്പോഴേക്കും വിഷാദം കൂടി. അന്ന് കുടുംബം മുഴുവൻ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഒരുപാട് ചികിത്സച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍ ഞങ്ങള്‍ തകര്‍ന്നുപോയെന്നും അമാൻഡ പറഞ്ഞു.

2022 മെയിൽ അദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി കുറേനാൾ ഐസിയുവിലും കിടന്നു. ഇപ്പോള്‍ തോർപിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ ആരംഭിക്കാൻ കുടുംബം ആലോചിക്കുന്നുണ്ടെന്നും അമാൻഡ പറഞ്ഞു. 12 വർഷത്തെ തന്റെ അന്താരാഷ്ട്ര കരിയറിൽ 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുള്ള തോര്‍പ്‌ ഇടംകൈയ്യൻ ബാറ്ററും വലംകൈയ്യൻ ബൗളറുമായിരുന്നു. 189 ഫസ്റ്റക്ലാസ് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2005-ൽ വിരമിച്ച അദ്ദേഹം ഓസ്ട്രേലിയയിൽ കോച്ചിംഗ് ആരംഭിച്ച് ന്യൂ സൗത്ത് വെയിൽസിനൊപ്പം പ്രവർത്തിച്ചു. 2013 ഇംഗ്ലണ്ടിന്റെ ബാറ്റിങ് കോച്ചായി. പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ടി20 പരമ്പരയിൽ തോര്‍പിനെ താൽക്കാലിക പരിശീലകനായി നിയമിച്ചു. ടീമിനെ 2-1 വിജയത്തിലേക്ക് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *