ക്രീസിലെത്തും മുൻപ് ഔട്ട്! ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; ‘ടൈംഡ് ഔട്ടാ’യി ആഞ്ചലോ മാത്യൂസ്

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി താരം. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂർവ രംഗങ്ങൾ അരങ്ങേറിയത്. ആഞ്ചലോ മാത്യൂസാണ് ഹതഭാഗ്യനായ ആ താരം. മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 25ാം ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ക്രീസിലെത്തേണ്ട താരം ആഞ്ചലോ മാത്യൂസായിരുന്നു. എന്നാൽ ഹെൽമറ്റിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താരം ക്രീസിലെത്താൻ വൈകി.

പിന്നാലെ ബംഗ്ലാദേശ് ടീം ടൈംഡ് ഒട്ടിനു അപ്പീൽ നൽകി. അമ്പയർ അനുവദിക്കുകയും ചെയ്തു. പിന്നീട് മാത്യൂസ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശ്രമിച്ചെങ്കിലും ബംഗ്ലാ നായകൻ ഷാകിബ് തീരുമാനത്തിൽ ഉറച്ചു നിന്നു. ഇതോടെ ഒരു അധ്വാനവും ഇല്ലാതെ ബംഗ്ലാദേശിനു ശ്രീലങ്കയുടെ അഞ്ചാം വിക്കറ്റും കിട്ടി. ഒരു ബാറ്റർ പുറത്തായാൽ അടുത്ത താരത്തിനു ഡഗൗട്ടിൽ നിന്നു ക്രീസിലെത്തി തയ്യാറെടുക്കാൻ മൂന്ന് മിനിറ്റുകളാണ് നിയമം അനുസരിച്ച് ഉള്ളത്. ഈ സമയത്തിനുള്ളിൽ താരത്തിനു ക്രീസിലെത്താൻ കഴിഞ്ഞില്ലെങ്കിൽ എതിർ ടീമിനു ടൈംഡ് ഔട്ട് വിളിക്കാം. ഈ നിയമമാണ് നിർണായക ഘട്ടത്തിൽ ബംഗ്ലാദേശ് എടുത്തു പ്രയോഗിച്ചത്. അങ്ങനെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈം ഔട്ട് താരമായി ശ്രീലങ്കൻ വെറ്ററൻ ഓൾറൗണ്ടർ മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *