ഇന്ത്യ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം മഴയെ തുടര്‍ന്ന് ഒരു ഓവര്‍ പോലും എറിയാതെ ഉപേക്ഷിച്ചു. രണ്ടാം ദിനം മത്സരം ആരംഭിക്കാന്‍ അനുവദിക്കാതെ തുടങ്ങിയ ചാറ്റല്‍ മഴ അതിവേഗം ശക്തിയാര്‍ജിക്കുകയായിരുന്നു. തുടര്‍ന്ന് കളി തുടരാനാകാത്ത സാഹചര്യമായതോടെ ഇന്നത്തെ മത്സരം ഉപേക്ഷിച്ചു.
രാവിലെ 11.15 ഓടെ മഴ നിലച്ചെങ്കിലും കളി തുടരാവുന്ന സാഹചര്യമായിരുന്നില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 2.15 ഓടെ രണ്ടാം ദിവസത്തെ മത്സരം ഉപേക്ഷിച്ചതായി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച് കാന്‍പൂരില്‍ ഞായറാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴ മുന്നറിയിപ്പില്ല.
കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ചാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്. ആദ്യ ദിനം മഴയെ തുടര്‍ന്ന് 35 ഓവര്‍ മാത്രമാണ് പന്തെറിയാന്‍ കഴിഞ്ഞത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് ഓപ്പണര്‍മാരായ സക്കീര്‍ ഹസന്‍, ഷാദ്മാന്‍ ഇസ്ലാം എന്നിവരെ ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് മടക്കിയപ്പോള്‍, ഓഫ് സ്പിന്നര്‍ അശ്വിന്‍ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ മടക്കി. ചെന്നൈ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിലാണ്.