ഒരു പക്ഷത്ത് ഇന്ത്യൻ കോച്ച് സ്ഥാനം മറു പക്ഷത്ത് ഷാരൂഖ് ഖാന്‍റെ മോഹന വാഗ്ദാനം; ധർമസങ്കടത്തിലായി ഗൗതം ഗംഭീർ

ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ചെന്നൈയില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ, മറ്റു ബിസിസിഐ ഭാരവാഹികൾ എന്നിവരുമായി ഗംഭീര്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്, ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെയൊക്കെ ഇന്ത്യൻ ടീം പരിശീലകനാകാനായി ബിസിസിഐ സമീപിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷ കരാറില്‍ മുഴുവന്‍സമയ പരിശീലകരാവാന്‍ ആരും തയാറായില്ലെന്നാണ് റിപ്പോർട്ട്. ഇതോടെ വിദേശ പരിശീലകരെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ തള്ളി.

ഇന്ത്യന്‍ ടീമിനെ നയിക്കാനായി ടീമിനെ നന്നായി അറിയാവുന്ന പരിശീലകനെയാണ് തേടുന്നതെന്നും ജയ് ഷാ വ്യക്തമാക്കിയിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വിവിഎസ് ലക്ഷ്മണ്‍ പരിശീലകനാവാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്ത്യൻ പരിശീലകരിൽ ഇനി ബാക്കിയുള്ളത് ​ഗൗതം ഗംഭീറിന്‍റെ പേര് മാത്രമാണ്. കൊല്‍ക്കത്തയെ ഫൈനലിലെത്തിച്ചെന്ന നേട്ടം കൂടി ​ഗംഭീറിനുണ്ട്.

ഇന്ത്യൻ ടീം പരിശീലകനാകാൻ ഗംഭീറിനും താൽപര്യക്കുറവൊന്നുമില്ല. എന്നാൽ കൊൽക്കത്ത ടീം ഉടമയായ ഷാരൂഖ് ഖാനിൽ നിന്നള്ള സമ്മര്‍ദ്ദമാണ് ഗംഭീറിനെ തീരുമാനമെടുക്കുന്നതില്‍ നിന്ന് തടയുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത 10 വര്‍ഷത്തേക്ക് എങ്കിലും ഗംഭീര്‍ കൊല്‍ക്കത്തക്ക് ഒപ്പം വേണമെന്നും ഇതിനായി ബ്ലാങ്ക് ചെക്ക് നല്‍കാമെന്നും ഷാരൂഖ് ഗംഭീറിന് വാഗ്ദാനം കൊടുത്തുവെന്നാണ് ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്.

Leave a Reply

Your email address will not be published. Required fields are marked *