ഐപിഎൽ ; പുതിയ സീസണിൽ പുതിയ റോൾ, പ്രഖ്യാപനവുമായി മഹേന്ദ്ര സിംഗ് ധോണി

ആരാധകർക്ക് നെഞ്ചിടിപ്പേറ്റി മഹേന്ദ്ര സിങ് ധോണി. ഐ.പി.എല്ലിന്റെ പുതിയ സീസൺ തുടങ്ങാനിരിക്കെ ഫേസ്ബുക്കിലൂടെയാണ് ആകാംക്ഷ നിറച്ചു താരത്തിന്റെ പ്രഖ്യാപനം. പുതിയ സീസണിൽ പുതിയ റോളിലായിരിക്കുമെന്നാണ് ധോണി വെളിപ്പെടുത്തിയിരിക്കുന്നത്.

‘പുതിയ സീസണിനും പുതിയ ദൗത്യത്തിനുമായി ആവേശത്തോടെ കാത്തിരിക്കുകയാണ്. കാത്തിരിക്കൂ’-എന്നാണ് ധോണി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിനു പിന്നാലെ പുതിയ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സി.എസ്.കെ നായകസ്ഥാനത്ത് ഇനി ധോണി ഉണ്ടാകില്ലേ എന്നാണ് ചെന്നൈ ആരാധകർ ആശങ്കപ്പെടുന്നത്. ഐ.പി.എല്ലിനു മുന്നോടിയായി വിരമിക്കൽ പ്രഖ്യാപിക്കുമെന്നും പ്രചാരണമുണ്ട്. സീസണിൽ ധോണി ടീമിന്റെ മെന്റർ റോളിലെത്തുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

മാർച്ച് 22നാണ് ഐ.പി.എൽ 17-ാം സീസണിന് തുടക്കമാകുന്നത്. എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരും ആതിഥേയരുമായ ചെന്നൈ സൂപ്പർ കിങ്‌സ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ നേരിടും.

ചെന്നൈയുടെ പ്രീസീസൺ ക്യാംപിന് ശനിയാഴ്ച തുടക്കമായിട്ടുണ്ട്. ഇന്ത്യൻ താരം ദീപക് ചഹാർ, പരിക്കിനെ തുടർന്ന് കഴിഞ്ഞ സീസൺ നഷ്ടമായ മുകേഷ് ചൗധരി, ഓൾറൗണ്ടർമാരായ രാജ്‌വർധൻ ഹംഗർഗേക്കർ, അജയ് മണ്ടാൽ, സ്പിന്നർ പ്രശാന്ത് സോളങ്കി, പേസർ സിമർജിത് സിങ് ഉൾപ്പെടെയുള്ള താരങ്ങൾ ക്യാംപിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഗുജറാത്തിലെ ജാംനഗറിൽ നടന്ന ആനന്ദ് അംബാനിയുടെ പ്രീവെഡിങ് ആഘോഷങ്ങളിൽ ഭാര്യ സാക്ഷിക്കൊപ്പം സജീവമായിരുന്ന ധോണി അടുത്ത ദിവസങ്ങളിൽ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *