ഐപിഎല്‍ ഫൈനൽ മഴയിൽ കുതിരുമോ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരിന് ഭീഷണിയായി കാലവസ്ഥ

ഐപിഎല്‍ 17ാം സീസൺ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രമാണ് ബാക്കി. എന്നാൽ ആരാധകരെ ആശങ്കയിലാക്കുന്നത് ചെന്നൈയിലെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കളിക്കിടെ മഴ പെയ്യുമെന്ന് പ്രവചചിട്ടില്ല, എങ്കിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റ് മൂലം മത്സരത്തിനിടെ അപ്രതീക്ഷിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് ഫ്ലഡ് ലൈറ്റിന് കീഴില്‍ പരിശീലനം നടത്താനായി കൊല്‍ക്കത്ത താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങി പതിവ് ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായ മഴയെത്തിയിരുന്നു. തുടർന്ന് പരിശീലനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ കളിക്കാര്‍ ഇന്‍ഡോര്‍ പരിശീലനത്തിലേക്ക് മടങ്ങി.

വൈകിട്ട് 7:30നാണ് മത്സരം. ഈ സമയം മഴ ചെയ്യാൻ അഞ്ച് ശതമാനം മാത്രം സാധ്യതയുള്ളു എന്നാണ് കാലാവസ്ഥ പ്രവചനം. 9.30 ഓടെ ഇത് എട്ട് ശതമാനമാണ്. പരമാവധി അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും. വൈകിട്ടോടെ ആകാശം പൂര്‍ണമായും മേഘാവൃതമാകുമെന്നുമാണ് പ്രവചനം. മഴ പെയ്തില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തിലാകും മത്സരം നടക്കുക എന്നാണ് കരുതുന്നത്. ഇതോടെ ടോസ് നിര്‍ണായകമാകും. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പേസര്‍മാര്‍ക്ക് മികച്ച സ്വിംഗ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫൈനലിന് റിസര്‍വ് ദിനമുള്ളതിനാല്‍ ഇന്ന് മഴ മുടക്കിയാലും മത്സരം നാളെ നടക്കും. ഇന്ന് എവിടെവെച്ച് മത്സരം നിര്‍ത്തിവെക്കുന്നുവോ അവിടെ മുതലായിരിക്കും നാളെ മത്സരം പുനരാരാംഭിക്കുക. എന്നാല്‍ റിസര്‍വ് ദിനത്തിലേക്ക് മത്സരം മാറ്റുന്നതിന് മുമ്പ് നിശ്ചിത ദിവസം തന്നെ മത്സരം സാധ്യമാകുമോ എന്നറിയാന്‍ രണ്ട് മണിക്കൂര്‍ അധികസമയം അനുവദിച്ചിട്ടുണ്ട്. ഈ സമയത്തും സാധ്യമായില്ലെങ്കില്‍ മാത്രമെ മത്സരം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കു. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ഗുജറാത്തും ചെന്നൈയും തമ്മില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മഴമൂലം റിസര്‍വ് ദിനത്തിലാണ് പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *