ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാൻ കാണികൾ കുറവ്; ഒരുലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ എത്തിയത് വിരലിൽ എണ്ണാവുന്നയാളുകൾ മാത്രം

ഏകദിന ലോകകപ്പിന്‍റെ ഉദ്ഘാടനപ്പോരാട്ടം നടക്കുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയത് വിരലിൽ എണ്ണാവുന്ന കാണികൾ മാത്രം . 1,20,000 കാണികളെ ഉള്‍ക്കൊള്ളാവുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാനെത്തിയ കാണികളുടെ എണ്ണത്തിലാണ് ഇത്രയും കുറവ്. പ്രവര്‍ത്തി ദിവസമായതിനാല്‍ വൈകിട്ടോടെ സ്റ്റേഡിയം പകുതിയെങ്കിലും നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

ഏകദിന ലോകകപ്പ് ചരിത്രത്തില്‍ തന്നെ കാണികള്‍ ഇത്രയും കുറഞ്ഞ ഉദ്ഘാടന മത്സരം ഉണ്ടാകുമോ എന്ന് സംശയമാണ്. ലോകകപ്പിന്‍റെ മത്സരക്രമം മാറ്റി മറിച്ചതും ടിക്കറ്റ് വില്‍പനയിലെ അപാകതകളുമെല്ലാം കാണികള്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് തടയാന്‍ കാരണമായെന്നാണ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്.

ഒക്ടോബര് 14ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. മത്സരത്തിന്‍റെ ടിക്കറ്റുകളെല്ലാം വില്‍പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രമെ സ്റ്റേഡിയത്തില്‍ കാണികളെത്തൂവെങ്കില്‍ ഇത്തവണ ആവേശം കുറഞ്ഞ ലോകകപ്പായിരിക്കും കാണാനാകുക. ടി-20 ക്രിക്കറ്റിന്‍റെയും ടി-10 ക്രിക്കറ്റിന്‍റെയും കാലത്ത് ഏകദിന ക്രിക്കറ്റിന് പ്രാധാന്യം നഷ്ടമായെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തെപ്പോലും ആരാധകര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *