ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ റൊണാൾഡോ കളിക്കില്ല, മെസിയും കൂട്ടരും ഇന്ന് ഇറങ്ങും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്റർ മയാമി- അൽ നസർ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതാണ് കാരണമെന്ന് അൽനാസർ കോച്ച് ലൂയി കാസ്ട്രോ അറിയിച്ചു. മെസിയും സുവാരസും കളിക്കുന്ന അമേരിക്കൻ ക്ലബ്ബ് ഇന്റർ മയാമി ക്രിസ്റ്റ്യാനോയില്ലാത്ത സൗദി ക്ലബ്ബ് അൽ നസറിനെ നേരിടും. വ്യാഴാഴ്ച രാത്രി 11.30 നാണ് മത്സരം.

മെസിയും ക്രിസ്റ്റിയാനോയും മുഖാമുഖം വരുന്ന അവസാന മത്സരമാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ലാസ്റ്റ് ഡാൻസ് എന്നായിരുന്നു മത്സരത്തിന് പേരിട്ടിരുന്നത്. സൂപ്പർ താരങ്ങൾ കളത്തിലിറങ്ങുന്നതിനാൽ ടിക്കറ്റുകളും അതിവേഗം വിറ്റുതീർന്നിരുന്നു. റിയാദിലെ ബോളിവുഡ് സിറ്റിയിൽ അടുത്തിടെ നിർമാണം പൂർത്തിയാക്കിയ കിങ്ഡം അരീനയിലാണ് മത്സരം.

കഴിഞ്ഞ സീസണിലാണ് റൊണാൾഡോയെ റെക്കോഡ് തുക നൽകി അൽ നസർ ടീമിലെത്തിച്ചത്. റൊണാൾഡോ വരവോടെ സൗദി പ്രോ ലീഗിന്റെ കാഴ്ചക്കാരുടെ എണ്ണം നാലിരട്ടി വർധിച്ചു. കഴിഞ്ഞ ജനുവരിയിലാണ് മെസിയും ക്രിസ്റ്റ്യാനോയും ഇതിനുമുമ്പ് മുഖാമുഖം വന്നത്. അന്ന് മെസിയുടെ ടീം 4-3ന് വിജയിച്ചിരുന്നു. മെസിയും സുവാരസും ഗോളടിച്ചിട്ടും ഇന്റർ മയാമി കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അൽ ഹിലാലിനോട് 4-3ന് പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *