ഇന്ത്യന്‍ ടീമില്‍ മാറ്റം; കെഎല്‍ രാഹുലും കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും പുറത്ത്, ടോസ് ന്യൂസിലൻഡിന്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ടെസ്റ്റിൽ തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയിലെ തിരിച്ചുവരവാണ് ഇന്നതെ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് മൂന്ന് മാറ്റവുമായാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും ടീമില്‍ ഇടംനേടി. കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന കെ എല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരമാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഇന്നിങ്സിലും കെ എല്‍ രാഹുല്‍ നല്ല ഫോമിലല്ലായിരുന്നു. പിന്നാലെ വലിയ വിമർശനവും ആരാധകർക്കിടയിൽ നിന്ന് ഉണ്ടായി.

ബംഗലൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിലേറ്റ തോല്‍വിക്ക് തിരിച്ചടി കൊടുക്കാനാണ് ഇന്ത്യ ലക്ഷ്യം. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചാണ് പൂനെയില്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിവരം. ആദ്യത്തെ രണ്ടു ദിവസം ബാറ്റിങ്ങിനും അടുത്ത മൂന്നു ദിവസം സ്പിന്നര്‍മാര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. ചാമ്പ്യന്‍ഷിപ്പ് പോയിന്റുപട്ടികയില്‍ ഇപ്പോഴും ഇന്ത്യതന്നെയാണ് മുന്നില്‍. എങ്കിലും ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ ഈ പരമ്പരയിലെ ശേഷിക്കുന്ന രണ്ടുമത്സരങ്ങളും ജയിക്കണം. ഇതുകഴിഞ്ഞാല്‍ ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചുടെസ്റ്റ് കളിക്കും. അതോടെ, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ചിത്രം തെളിയും.

ന്യൂസിലന്‍ഡ് ടീമില്‍ മാറ്റ് ഹെന്‍ട്രിക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍ കളിക്കും. ന്യൂസിലന്‍ഡ് ടീമില്‍ പരിക്കേറ്റ മുതിര്‍ന്ന താരം കെയ്ന്‍ വില്യംസണ്‍ രണ്ടാം ടെസ്റ്റിലും കളിക്കില്ല. ഈ ടെസ്റ്റ് കൂടി വിജയിക്കാനായാല്‍, ഇന്ത്യയില്‍ കന്നി ടെസ്റ്റ് പരമ്പര വിജയം നേടാന്‍ കിവികള്‍ക്കാകും.

Leave a Reply

Your email address will not be published. Required fields are marked *