ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോഷ് ബേക്കറെ മരിച്ച നിലയിൽ കണ്ടെത്തി

ഇംഗ്ലിഷ് ക്രിക്കറ്റ് താരം ജോഷ് ബേക്കറെ മരിച്ച നിലയിൽ കണ്ടെത്തി. കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് വേർസെസ്റ്റർഷെയര്‍ ടീമിന്റെ സ്പിന്നറായിരുന്നു 20 വയസ്സുകാരൻ ജോഷ് ബേക്കർ. ഫോൺ എടുക്കാത്തതിനെ തുടർന്ന് സുഹൃത്ത് ജോഷിന്റെ അപ്പാർട്ട്മെന്റിലെത്തി അന്വേഷിച്ചപ്പോഴാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ സീസണിൽ കൗണ്ടി ക്ലബ്ബിനായി താരം രണ്ടു മത്സരങ്ങൾ കളിച്ചിരുന്നു.

2021 ലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിച്ചത്. എല്ലാ ഫോർമാറ്റുകളിലുമായി ഇതിനകം 47 മത്സരങ്ങൾ കളിച്ചിട്ടുള്ള ജോഷ് 70 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി അണ്ടർ 19 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ജോഷ് ബേക്കർ. ബുധനാഴ്ച സോമർസെറ്റിനെതിരായ മത്സരത്തിൽ താരം മൂന്നു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. കഴിഞ്ഞ വർഷം ജോഷ് ക്ലബ്ബുമായി മൂന്നു വർഷത്തെ കരാർ ഒപ്പിട്ടിരുന്നു. താരത്തിന്റെ മരണകാരണം എന്താണെന്നു വ്യക്തമല്ല. ജോഷ് ബേക്കറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും താരത്തിന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയമാണിതെന്നും വേർസെസ്റ്റർഷെയര്‍ ടീം എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *