2023 ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യയിൽ

2023 ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു.

ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുക. ആറ് വൻകരകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ചാമ്പ്യൻ ക്ലബുമാണ് മത്സരത്തിൽ പങ്കെടുക്കുക.

നിലവിലെ രീതിയനുസരിച്ച് ഏഴ് ക്ലബുകൾ പങ്കെടുക്കുന്ന അവസാന ലോക കപ്പായിരിക്കും സൗദിയിൽ നടക്കുക. അടുത്ത വർഷം മുതൽ ക്ലബുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ. ഇതോരുപക്ഷെ 32 ക്ലബുകൾ വരെ ആയേക്കാം. മൊറോക്കോയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സൗദി ക്ലബായ അൽ-ഹിലാൽ വെള്ളി കിരീടം ചൂടിയിരുന്നു.

ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയെ പരാജയപ്പെടുത്തിയാണ് അൽ-ഹിലാൽ ഫൈനലിലെത്തിയത്. 2000-ലെ ആദ്യ ക്ലബ് ലോക കപ്പിൽ അൽ-നസ്ർ, 2005-ൽ ഇത്തിഹാദ്, 2019, 2021, 2022 എന്നീ വർഷങ്ങളിൽ അൽ-ഹിലാൽ എന്നീ സൗദി ക്ലബുകളാണ് ലോക കപ്പ് ക്ലബ് മത്സരങ്ങളിൽ പങ്കെടുത്തത്. 

നാല് വർഷം കൂടുമ്പോൾ നടക്കുന്ന ഏഷ്യൻ കപ്പിന്റെ 2027-ലെ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് സൗദി അറേബ്യയാണ്. 2030-ലെ ഫിഫ ലോക കപ്പിന്റെ അതിഥേയത്വത്തിന് വേണ്ടിയുള്ള ശ്രമം സൗദി അറേബ്യ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *