11 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ

റിയാദ് : ഉറങ്ങിക്കിടന്ന പതിനൊന്നു വയസ്സുള്ള പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പിലാക്കി. റിയാദ് ഹയ്യുലബനിലെ അല്‍നസര്‍ റോഡില്‍ താമസിക്കുന്ന സൗദി പൗരന്റെ മകള്‍ നവാല്‍ അല്‍ഖര്‍നിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യന്‍ വീട്ടുജോലിക്കാരി ഫാത്തിമ മുഹമ്മദ് അസഫയുടെ വധശിക്ഷ നടപ്പാക്കിയത്. ഞായറാഴ്ചയാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്.

നാലു വര്‍ഷം മുൻപ് മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടുജോലിക്കാരി ഉറങ്ങിക്കിടക്കുന്ന നവാലിനെ 14 പ്രാവശ്യം കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നവാലും സഹോദരനും വീട്ടില് ഉറങ്ങുകയായിരുന്നു. രക്തം വാര്‍ന്നാണ് കുട്ടി മരിച്ചത്. സഹോദരനും കുത്തേറ്റെങ്കിലും ജീവന്‍ രക്ഷിക്കാനായി.

കിങ് സല്‍മാന്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന നൗഫ് ഡ്യൂട്ടിക്ക് കയറിയപ്പോഴാണ് കുത്തേറ്റ വിവരം മകന്‍ വിളിച്ചു പറഞ്ഞത്. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച മകന്റെ ജീവന്‍ രക്ഷിക്കാനായി. അതേസമയം വീട്ടുജോലിക്കാരി മറ്റൊരു മുറിയില്‍ വാതിലടച്ച് ഇരിക്കുകയായിരുന്നു. വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *