സൗദി സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകൾ വി.എഫ്.എസിലേക്ക് മാറ്റി

സൗദി വിസ സ്റ്റാമ്പിങിനുൾപ്പെടെ ആവശ്യമായ എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും വി.എഫ്.എസ് കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇനി മുതൽ സൗദി വിസ സംബന്ധമായ എല്ലാ നടപടിക്രമങ്ങൾക്കും ട്രാവൽ ഏജൻസികൾക്ക് പകരം വി.എഫ്.എസ് കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്. പുതിയ മാറ്റത്തോടെ വി.എഫ്.എസ് കേന്ദ്രങ്ങളിലെ തിരക്ക് ഇനിയും വർധിക്കും. ഡൽഹിയിലുള്ള സൗദി എംബസി വഴിയും മുംബൈയിലെ സൗദി കോൺസുലേറ്റ് വഴിയുമായിരുന്നു ഇത് വരെ സൗദി വിസ സ്റ്റാമ്പിംഗിനാവശ്യമായിരുന്ന എല്ലാ അറ്റസ്റ്റേഷനുകളും ചെയ്തിരുന്നത്.

വിവാഹ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, പോളിയോ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങളെല്ലാം വിഎഫ്എസ് കേന്ദ്രങ്ങൾ വഴി ലഭിക്കും. ട്രാവൽ ഏജൻസികൾ വഴി ലഭിച്ചിരുന്ന സൗദി വിസ, എംബസി, കോൺസുലേറ്റ് സേവനങ്ങളെല്ലാം വി.എഫ്.എസ് കേന്ദ്രങ്ങൾ വഴി മാത്രമേ ഇനി മുതൽ ലഭിക്കുകയുള്ളൂ. എംബസി, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ നേരത്തെ തന്നെ വി.എഫ്.എസ് കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എങ്കിലും അറ്റസ്റ്റേഷൻ സേവനങ്ങൾ ട്രാവൽ ഏജൻസികൾ വഴിതന്നെയായിരുന്നു ഇത് വരെ ലഭിച്ചിരുന്നത്. നിലവിൽ ഓൺലൈനായി അപ്പോയിന്റ്മെന്റ് എടുത്ത് കുറേ ദിവസം കാത്തിരുന്നാലാണ് വി.എഫ്.എസിൽ നിന്ന് ആവശ്യമായ സർവീസുകൾ ലഭിക്കുന്നത്. അറ്റസ്റ്റേഷനുകൾ കൂടി വി.എഫ്.എസിലേക്ക് മാറ്റിയതോടെ തിരക്ക് ഇനിയും വർധിക്കും.

പാസ്‌പോർട്ടിൽ ജീവിത പങ്കാളിയുടെ പേരില്ലെങ്കിലും, പൊരുത്തക്കേടുകളുണ്ടെങ്കിലും ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ വിവാഹ സർട്ടിഫിക്കറ്റ് എംബസി സാക്ഷ്യപ്പെടുത്തണമെന്ന ചട്ടം അടുത്തിടെ സൗദി റദ്ധാക്കിയിരുന്നു. എംബസി അറ്റസ്റ്റ് ചെയ്യുന്നതിന് പകരം വിദേശകാര്യ മന്ത്രാലയ അപ്പോസ്തൽ മതിയെന്നതാണ് പുതിയ തീരുമാനം. പ്രവാസി കുടുംബങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. എംബസിയുടെ വിവാഹ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലാണ് ഈ മാറ്റം. ഇങ്ങിനെയുള്ളവർക്ക് ട്രാവൽ ഏജൻസികൾ വഴി ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള അപ്പോസ്തൽ അറ്റസ്റ്റേഷൻ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *