സൗദി വിമാനത്താവളങ്ങളിൽ ബാഗേജ് പരിശോധനക്ക് സ്മാർട്ട് ടേബിളുകൾ

സൗദിയിലെ നാലു വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാര്‍ട്ട് ടേബിളുകള്‍ ഏര്‍പ്പെടുത്തുന്നു. മദീന, അല്‍ഖസീം, ജിസാന്‍, ദമ്മാം എയര്‍പോര്‍ട്ടുകളിലാണ് സ്മാര്‍ട്ട് പരിശോധനാ ടേബിളുകള്‍ സ്ഥാപിക്കുക. കസ്റ്റംസ് ഡാറ്റബേസുമായി ബന്ധിപ്പിക്കുന്ന സ്മാര്‍ട്ട് ടേബിള്‍ യാത്രക്കാരന്റെ മുന്‍കാല യാത്രാ ചരിത്രവും നിയമലംഘനങ്ങളും കാണിക്കും.

രാജ്യത്തെ നാലു പ്രവിശ്യകളിലെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജ് പരിശോധനക്ക് സ്മാര്‍ട്ട് ടേബിളുകള്‍ ഏര്‍പ്പെടുത്താന്‍ സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി നപടികളാരംഭിച്ചു. അതിനൂതന ക്യാമറകള്‍, ഡാറ്റാബേസുമായി ബന്ധിപ്പിച്ച എക്സ്റേ ഉപകരണം എന്നിവ സ്മാര്‍ട്ട് ടേബിളുകളുടെ പ്രത്യേകതയാണ്. സ്മാര്‍ട്ട് ടേബിളിലൂടെ ബാഗേജുകള്‍ കടന്നുപോകുന്നതോടെ ഡാറ്റാബേസില്‍ സൂക്ഷിച്ച പേഴ്സണല്‍ റെക്കോര്‍ഡ് വഴി യാത്രക്കാരന്റെ മുന്‍കാല റെക്കോര്‍ഡുകള്‍ തിരിച്ചറിയും. ഇതോടെ യാത്രക്കാരന്‍ മുന്‍പ് വിമാനത്താവള യാത്രയില്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളിലോ നിരോധിത വസ്തുക്കളുടെ കടത്തിലോ പങ്കാളിയായെങ്കില്‍ ഡാറ്റബേസ് ഇക്കാര്യം വെളിപ്പെടുത്തും.

സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം എളുപ്പവും കുറ്റമറ്റതുമാക്കാന്‍ ആധുനിക സംവിധാനം സഹായിക്കും. ബാഗേജിലുള്ള ചരക്കുകളുടെ ഇനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *