സൗദി ദേശീയ ഗെയിംസിൽ മലയാളിക്ക്‌ സ്വർണ്ണമെഡൽ, സമ്മാനത്തുക 10 ലക്ഷം റിയാൽ

റിയാദ് : സൗദി ദേശീയ ഗെയിംസിൽ സ്വർണ്ണമെഡൽ സ്വന്തമാക്കി മലയാളി മിടുക്കി.ബാറ്റ് മിന്റനിൽ വ്യക്തിഗത ചാമ്പ്യൻ ഷിപ്പോടെ സ്വർണ്ണമെഡൽ നേടുകയായിരുന്നു.കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നിസയാണ് നേട്ടം സ്വന്തമാക്കിയത്.

 സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസ് ആണിത്. 10 ലക്ഷം റിയാലാണ് സമ്മാന തുകയായി നേടിയത്.ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ ഇന്ത്യൻ രൂപയാണിത്.

മലയാളികൾക്കും ഇന്ത്യക്കാകെ തന്നെയും അഭിമാനകരമായ നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്. സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരച്ച ഏക മലയാളി താരമാണ് ഖദീജ നിസ. സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ് ഈ പെൺകുട്ടിക്ക് തുണയായത്.

ഒക്ടോബർ 28-ന് റിയാദിൽ ആരംഭിച്ച സൗദി ദേശീയ ഗെയിസിൽ നവംബർ ഒന്ന് മുതലാണ് ബാഡ്മിന്റൺ മത്സരങ്ങൾ ആരംഭിച്ചത്.

ആദ്യം വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പൂളുകൾ തമ്മിലായിരുന്നു മത്സരം. ഇതിൽ അനായാസം വിജയം വരിച്ച ഖദീജ നിസ ബുധനാഴ്ച വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനലിലും വ്യാഴാഴ്ച രാവിലെ നടന്ന സെമിഫൈനലിലും വിജയം നേടി. ആകാംക്ഷ മുറ്റിയ നിമിഷങ്ങൾക്കൊടുവിൽ അൽ-നജ്ദ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഖദീജ വ്യാഴാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച ഫൈനൽ മത്സരത്തിൽ അൽ-ഹിലാൽ ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഹലാൽ അൽ-മുദരിയ്യയെ 21-11, 21-10 എന്ന സ്കോർ നിലയിൽ അനായാസം തകർത്തെറിഞ്ഞ് വിജയ കിരീടം ചൂടുകയായിരുന്നു.

റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടുരിന്‍റേയും ഷാനിദയുടേയും മൂന്നാമത്തെ മകളാണ്. രണ്ടര മാസത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രകൃയയിൽ സൗദിയിലേയും വിദേശത്തേയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ദേശീയ ഗെയിംസിലേക്കുള്ള വഴിയൊരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *