സൗദി അറേബ്യയിൽ വീണ്ടും സൈബർ തട്ടിപ്പ് : ഒ.ടി.പി കൈക്കലാക്കി തട്ടിയെടുത്തത് അക്കൗണ്ടിലെ മുഴുവൻ പണവും

റിയാദ് : സൗദി അറേബ്യയില്‍ ഫോണ്‍ വഴി മലയാളിക്ക് നഷ്ടമായത് അക്കൗണ്ടിലെ മുഴുവൻ പണവും. ഒ.ടി.പി കൈക്കലാക്കി നടത്തിയ തട്ടിപ്പില്‍ അല്‍കോബാറിലെ അക്റബിയയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ ദിവസം പണം നഷ്ടമായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നാണെന്ന് അവകാശപ്പെട്ട് ഫോണ്‍ കോള്‍ എത്തിയത്.

ഔദ്യോഗികമായ ഫോണ്‍ കോളാണെന്ന് ബോധ്യപ്പെടുത്തുന്ന തരത്തില്‍ ഇംഗീഷിലും അറബിയിലുമായിരുന്നു സംസാരം. തന്റെ ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണമെന്നും അത് അബ്ഷിര്‍ പ്ലാറ്റ്ഫോം വഴി എളുപ്പത്തില്‍ ചെയ്യാമെന്നും അറിയിച്ചു. തുടര്‍ന്ന് പാസ്‍പോര്‍ട്ട് നമ്പറും ഇഖാമയുടെ നമ്പറും വിളിച്ചയാള്‍ തന്നെ ഇങ്ങോട്ട് പറഞ്ഞു. അതേസമയം തന്നെ ബാങ്ക് അക്കൗണ്ടിനെക്കറിച്ച് ഒന്നും സംസാരിച്ചതുമില്ല. ഇതോടെ വിശ്വാസമായി. പതിനഞ്ച് മിനിറ്റോളം സംസാരിച്ച ശേഷമാണ് ഫോണില്‍ ഒരു മെസേജ് വരുമെന്നും അതിലുള്ള ഒ.ടി.പി നല്‍കണമെന്നും പറഞ്ഞത്.

അറബിയിലായിരുന്നു മെസേജ്. അതിലുണ്ടായിരുന്ന നമ്പര്‍ പറഞ്ഞുകൊടുത്തതും മിനിറ്റുകള്‍ക്കം ഫോണിലെ സിം പ്രവര്‍ത്തനരഹിതമായി. സംശയം തോന്നി ബാങ്കിലെത്തിയപ്പോള്‍ പണം മുഴുവന്‍ ട്രാന്‍സ്‍ഫര്‍ ചെയ്യപ്പെട്ടെന്നായിരുന്നു മറുപടി. തന്റെ തന്നെ കാര്‍ഡ് ഉപയോഗിച്ച് ട്രാന്‍സ്‍ഫര്‍ ചെയ്യുകയായിരുന്നു. മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ തന്റെ നമ്പര്‍ മറ്റൊരാള്‍ ഉപയോഗിച്ചുവെന്നും വ്യക്തമായി. വൈകുന്നേരത്തോടെ നമ്പര്‍ തിരിച്ച് കിട്ടിയെങ്കിലും തന്റെ നമ്പറില്‍ നിന്ന് തട്ടിപ്പുകാര്‍ പലരെയും വിളിച്ചിട്ടുണ്ടാവുമെന്ന് സംശയമുള്ളതിനാല്‍ പരാതി നല്‍കിയിട്ടുണ്ട്. അക്കൗണ്ടിലുണ്ടായിരുന്ന 1800 റിയാല്‍ നഷ്ടമായതായി യുവാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *