സൗദി അറേബ്യയിൽ ഇന്ന് പതാക ദിനം ആചരിക്കുന്നു

സൗദി അറേബ്യ ഇന്ന് പതാക ദിനമായി ആചരിക്കുകയാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശപ്രകാരം ഈ വർഷം മുതലാണ് രാജ്യത്ത് പതാക ദിനം ആചരിച്ച് തുടങ്ങിയത്. 1937 മാർച്ച് 11-ന് (1335 ദുൽഹജ്ജ് 27) അബ്ദുൽ അസീസ് രാജാവ് സൗദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലയ്ക്കാണ് ഈ ദിവസം പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

ഹിജ്റ വർഷം 1139ൽ സൗദി അറേബ്യ സ്ഥാപിതമായത് മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് രാജകീയ ഉത്തരവിൽ പറയുന്നു. രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ്. ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അർത്ഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്റെ പതാക.

മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചു നിർത്താനുള്ള എല്ലാ നീക്കങ്ങൾക്കും സൗദി പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരന്മാർ അഭിമാനമായി ഉയർത്തിപ്പിടിക്കുന്ന ഈ പതാക രാഷ്ട്രത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണെന്ന് രാജകീയ വിജ്ഞാപനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *