സൗദിയിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു; ഒരാൾക്ക് പരിക്ക്

സൗദിയിലെ അൽഖുറയാത്തിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികളടക്കം ഏഴ് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഹയ്യ് തസ്ഹീലാത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ദാരുണ സഭവം. തീ വേഗം നിയന്ത്രണവിധേയമാക്കി. വീട്ടിനുള്ളിൽ നാല് പേരെ മരിച്ച നിലയിലും മറ്റ് നാലുപേരെ ഗുരുതരാവസ്ഥയിലുമാണ് കണ്ടെത്തിയത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്ന് കുട്ടികളും ആശുപത്രിയിലാണ് മരിച്ചത്. ഇവർ വീട്ടിനുള്ളിലെ ഒരു മുറിയിലായിരുന്നു.

വീടിന് തീപിടിച്ച് പുകപടലം ഉയരുന്ന വിവരം അൽഖുറയാത്ത് പട്രോളിങ് പൊലീസിന് ലഭിച്ച ഉടനെ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നെന്ന് അൽജൗഫ് മേഖല സിവിൽ ഡിഫൻസ് വക്താവ് കാപ്റ്റൻ അബ്ദുറഹ്മാൻ അൽദുവൈഹി പറഞ്ഞു.

പ്രാഥമിക പരിശോധനയിൽ താഴെ നിലയിലെ കുട്ടികൾക്കുള്ള കിടപ്പുമുറിയിൽ നിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തി. അൽ ഫൈസലിയ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ സിവിൽ ഡിഫൻസ് വക്താവ് അനുശോചിച്ചു. വീടുകളിൽ സ്‌മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കൽ പ്രധാനമാണെന്ന് സിവൽ ഡിഫൻസ് വക്താവ് പറഞ്ഞു. ആളി പടരുന്നതിന് മുമ്പ് തന്നെ തീപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ സ്‌മോക്ക് ഡിറ്റക്ടറുകൾ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *