സൗദിയിൽ വിദേശ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് തൊഴിലുടമ നൽകണം

 സൗദിയിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ സംബന്ധമായ ചെലവുകൾ തൊഴിലുടമ വഹിക്കണമെന്ന് മാനവ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ചെലവുകൾ തൊഴിലാളികളിൽ നിന്ന് ഈടാക്കാൻ പാടില്ല. തൊഴിൽ കരാർ അവസാനിച്ച തൊഴിലാളികൾക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാനുള്ള ടിക്കറ്റിനുള്ള ചിലവും തൊഴിലുടമയാണ് വഹിക്കേണ്ടത്.

രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളായ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുൾപ്പെടെയുള്ള ഫീസുകൾ തൊഴിലുടമയാണ് വഹിക്കേണ്ടതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റം, ഇഖാമ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, ഇഖാമയും വർക്ക് പെർമിറ്റും പുതുക്കാനുള്ള ചെലവുകൾ, ഇവ പുതുക്കാൻ കാലതാമസം വരുത്തുന്നതു മൂലമുള്ള പിഴകൾ എന്നിവയും തൊഴിലുടമ വഹിക്കേണ്ടതാണ്. ഇത്തരം ചെലവുകൾ തൊഴിലാളിയിൽ നിന്ന് ഈടാക്കാൻ പാടുള്ളതല്ല. കൂടാതെ റീ-എൻട്രി, ഫൈനൽ എക്സിറ്റ് വിസാ ഫീസ്, തൊഴിൽ കരാർ അവസാനിച്ച ശേഷം സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് എന്നിവയും തൊഴിലുടമകളാണ് വഹിക്കേണ്ടത്.

തൊഴിലുടമയുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ തൊഴിലാളിക്ക് അവകാശമുണ്ട്. ഈ സർട്ടിഫിക്കറ്റിൽ ജോലിയിൽ പ്രവേശിച്ച തീയതി, തൊഴിൽ കരാർ പൂർത്തിയായ തീയതി, ഏറ്റവും ഒടുവിൽ ലഭിച്ച വേതനം എന്നിവയെല്ലാം വ്യക്തമാക്കണം. എക്സീപീരിയൻസ് സർട്ടിഫിക്കറ്റിന് തൊഴിലാളിയിൽ നിന്നും പണം ഈടാക്കാൻ പാടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *