സുഡാനി തൊഴിലാളിയുടെ കല്യാണ ചിലവുകൾ നിർവഹിച്ച് സൗദി അറേബ്യൻ സ്പോൺസർ.

റിയാദ് : രാജ്യങ്ങളും ഭാഷയും രൂപവും ആളുകൾക്കിടയിൽ അതിരുകൾ കല്പിക്കുമ്പോൾ ഇതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അതിരുകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ നിര്‍വചനമാകുകയാണ് സൗദി അറേബ്യയിലെ ഒരു സ്വദേശി സ്‌പോണ്‍സര്‍. സ്വന്തം തൊഴിലാളിയുടെ വിവാഹ വിരുന്നിന്റെ ചെലവുകള്‍ വഹിച്ചും വിരുന്നുകാരെ സ്വീകരിച്ചുമാണ് സ്‌പോണ്‍സര്‍ തൊഴിലാളിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചത്.

സുഡാന്‍ പൗരനായ തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിയാണ് സ്‌പോണ്‍സര്‍ ഏറ്റെടുത്ത് നടത്തിയത്. സൗദിയുടെ വടക്കുള്ള അല്‍ ജൗഫ് മേഖലയിലാണ് സഭവം നടന്നതെന്ന് ‘അല്‍ ഇക്ബാരിയ’ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുഡാനീസ് തൊഴിലാളിയുടെ വിവാഹ പാര്‍ട്ടിക്കെത്തുന്നവരെ സ്വീകരിക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്യുന്ന സ്‌പോണ്‍സറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തന്റെ വിവാഹ ചടങ്ങ് സൗദിയില്‍ വെച്ച് നടത്താന്‍ സുഡാന്‍ പൗരന്‍ തീരുമാനിച്ചതോടെ അതിന്റെ ചെലവുകള്‍ വഹിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറാവുകയായിരുന്നു. സുഡാന്‍ പൗരനായ മുഹമ്മദ് ജമാലിനെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നും കൂടെ ജോലി ചെയ്യുന്നവര്‍ ഇത് സാക്ഷ്യപ്പെടുത്തുമെന്നും സൗദി പൗരനും സ്‌പോണ്‍സറുമായ മൂസ അല്‍ ഖാദിബ് പറഞ്ഞു. ഏഴു വര്‍ഷത്തിലേറെയായി എഞ്ചി. മൂസ അല്‍ ഖാദിബിനൊപ്പം ജോലി ചെയ്യുകയാണെന്നും അദ്ദേഹവുമായുള്ള ബന്ധം തൊഴില്‍പരമായി മാത്രം നിര്‍വചിക്കാനാവില്ലെന്നും സുഡാന്‍ പൗരനായ മുഹമ്മദ് ജമാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *