സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തി, സൗദിയില്‍ യുവതിക്ക് 45 വര്‍ഷം തടവ് ശിക്ഷ

സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ സൗദിയില്‍ യുവതിക്ക് 45 വര്‍ഷം തടവ് ശിക്ഷ. ഒരുമാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ തടവ് ശിക്ഷയാണ് സൗദി കോടതി വിധിക്കുന്നത്. നൗറ ബിന്ദ് സഈദ് അല്‍ ഖഹ്തനി എന്ന യുവതിക്കാണ് ശിക്ഷ. നേരത്തെ സല്‍മാന്‍ അല്‍ ഷെഹീബ് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കും 34 വര്‍ഷത്തെ ശിക്ഷ വിധിച്ചിരുന്നു. സൈബര്‍ കുറ്റകൃത്യങ്ങളും തീവ്രവാദവും തടയുന്നതിനുള്ള നിയമങ്ങള്‍ പ്രകാരമാണ് യുവതിയെ ശിക്ഷിച്ചിരിക്കുന്നത്.

നൗറ സമൂഹത്തിന്റെ ഐക്യം തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്ന് കോടതി നിരീക്ഷിച്ചു. നൗറ എന്താണ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നോ എവിടെയാണ് വിചാരണ നടന്നതെന്നോ വ്യക്തമായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2012 ജൂലൈ 4നാണ് നൗറയെ അറസ്റ്റ് ചെയ്തത്.

വിയോജിപ്പുകളെ അടിച്ചമര്‍ത്താനാണ് സൗദി ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. യാഥാസ്ഥിതിക ഇസ്ലാം നിയമങ്ങള്‍ നിലനില്‍ക്കുന്ന സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിനായുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടെ ചെറിയ ഇളവുകള്‍ ലഭിച്ചത് ഈയിടയ്ക്കാണ്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍, മറുവശത്ത് സാമൂഹ്യ മാധ്യമ ഇടപെടലിന്റെ പേരില്‍ സ്ത്രീകളെ തടവിലാക്കുന്നത് ശരയില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *