വ്യക്തിഗത സന്ദർശന വിസ: ഗുണങ്ങൾ വിശദീകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

സൗദി പൗരന്മാർക്ക് തങ്ങളുടെ സുഹൃത്തുക്കളെ സൗദിയിലേക്ക് കൊണ്ടുവരാനും ഉംറ ചെയ്യിക്കാനും മദീന സന്ദർശനത്തിനും സഹായിക്കുന്ന വ്യക്തിഗത സന്ദർശന വിസയുടെ ഗുണങ്ങൾ വിശദീകരിച്ച് ഹജ്ജ് ഉംറ മന്ത്രാലയം. പുതിയ ഉംറ സീസന്റെ ഭാഗമായാണ് ഗുണങ്ങൾ എന്തെല്ലാമാണെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തത്. വ്യക്തിഗത സന്ദർശന വിസയിൽ ഉംറ നിർവഹിക്കാൻ സൗദി പൗരന്മാർക്ക് അവരുടെ സുഹൃത്തുക്കളെ സൗദി അറേബ്യയിലേക്ക് ക്ഷണിക്കാൻ ഇതിലൂടെ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

സിംഗിൾ എൻട്രി വ്യക്തിഗത വിസ, മൾട്ടി എൻട്രി വ്യക്തിഗത വിസ എന്നിങ്ങനെ രണ്ടുതരം വിസകളുണ്ട്. 90 ദിവസം വരെ സാധുതയുള്ള സിംഗിൾ എൻട്രി വ്യക്തിഗത വിസയുടെ താമസ കാലാവധി 90 ദിവസമാണ്. മൾട്ടി എൻട്രി വിസയുടെ സാധുത 365 ദിവസവും. എന്നാൽ, ഇതിലേത് വിസയിലായാലും തുടർച്ചയായി 90 ദിവസം മാത്രമേ രാജ്യത്ത് തങ്ങാൻ കഴിയൂ. മൾട്ടി എൻട്രി വിസയാണെങ്കിൽ 90 ദിവസം ആകുമ്പോൾ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരേണ്ടതുണ്ട്.

നാല് പ്രയോജനങ്ങളാണ് ഈ വിസയിലെത്തിയാൽ വിദേശിക്ക് ലഭിക്കുക. 1. ഒരു യാത്രക്കോ അല്ലെങ്കിൽ നിരവധി യാത്രകൾക്കോ സാധിക്കും, 2. ഉംറ കർമങ്ങൾ നിർവഹിക്കാനും മദീനയിൽ പ്രവാചകന്റെ പള്ളി സന്ദർശിക്കാനുമാകും, 3. സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വിനോദസഞ്ചാര യാത്രകൾ നടത്താനാകും, 4. രാജ്യത്തിന്റെ വിവിധ നഗരങ്ങളിലെ ചരിത്ര പുരാതന സ്ഥലങ്ങൾ സന്ദർശിക്കാനാകും. വിദേശകാര്യ മന്ത്രാലയത്തിലെ വിസ പ്ലാറ്റ്ഫോമിലൂടെ വ്യക്തിഗത വിസക്ക് അപേക്ഷിക്കാൻ കഴിയുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *