റിയാദിൽ മുത്തശ്ശിയുടെ മൃദദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച പേരമകൻ പിടിയിൽ

റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം മുത്തശ്ശിയുടെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച 41കാരനായ പേരമകൻ പിടിയില്‍. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവര്‍ണറേറ്റിലാണ് സംഭവം. എഴുപതുകാരിയായ മുത്തശ്ശിയും പേരമകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മുത്തശ്ശിയുടെ ബന്ധുക്കള്‍ ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം പേരമകനാണ് ഫോണെടുത്തിരുന്നത്. കുറച്ചു ദിവസങ്ങളായി മുത്തശ്ശിയെ ഫോണിൽ ലഭിക്കാതാവുകയും മുത്തശ്ശി ഉറങ്ങുകയാണെന്ന് പലതവണ ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ ബന്ധുക്കളില്‍ ഒരാള്‍ മുത്തശ്ശിയുടെ വിവരം അന്വേഷിച്ച് വീട്ടിലെത്തി. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇയാള്‍ സുരക്ഷാ വകുപ്പുകളെ വിവരം അറിയിക്കുകയായിരുന്നു.

സുരക്ഷാ വകുപ്പുകളെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ യുവാവിനെ വീട്ടിനുള്ളില്‍ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടിലെ ഫ്രീസറില്‍ മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിടികൂടുമ്പോള്‍ മാനസിക നില തകരാറിലായ നിലയിലായിരുന്നു ഇയാളെന്ന് പ്രദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. യുവാവിനെ സുരക്ഷാ വകുപ്പുകള്‍ വിശദമായി ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *