സൗദിയിൽ ഇന്ത്യക്കാരായ നിക്ഷേപകർക്ക് എങ്ങിനെ വിജയിക്കാനാകുമെന്ന ചോദ്യത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയെ ചൂണ്ടിക്കാട്ടി സൗദി നിക്ഷേപമന്ത്രിയുടെ മറുപടി. ഡൽഹിയിൽ നടന്ന ഇന്ത്യാ- സൗദി ഇൻവെസ്റ്റ്മെന്റ് ഫോറത്തിലായിരുന്നു കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ ചോദ്യം. പലർക്കും സാധിക്കാത്തത് യൂസുഫലിക്ക് സൗദിയിൽ സാധിച്ചുവെന്നായിരുന്നു സൗദി നിക്ഷേപമന്ത്രിയുടെ മറുപടി.
കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും, സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹും തമ്മിലുള്ള നിക്ഷേപ പൊതുചർച്ചാ വേദി. ഇന്ത്യയിൽ നിക്ഷേപിക്കുന്ന കമ്പനികൾക്ക് ലഭിക്കുന്നയത്ര ലാഭം മറ്റാർക്കും കൊടുക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ അവകാശവാദം. പിന്നാലെ സൗദിയിൽ ഇന്ത്യക്കാർക്ക് എങ്ങിനെ വിജയിക്കാനാകുമെന്ന് കേന്ദ്ര മന്ത്രിയുടെ തുടർ ചോദ്യത്തിന് മറുപടിയായാണ് സൗദി നിക്ഷേപ മന്ത്രി നിങ്ങളുടെ എംഎ യൂസുഫലിയാണ് അതിന് ഉത്തരമെന്ന് മറുപടി നൽകിയത്. നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് വേഗത്തിലാണ് ലുലു സൗദിയിൽ വളരുന്നത്. സൗദികൾക്ക് പോലും സാധിക്കാത്ത ഇത്തരം വിജയകരമായ കഥകൾ നമുക്ക് മുന്നിൽ വേണമെന്നും സൗദി നിക്ഷേപ മന്ത്രി പറഞ്ഞു.
നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന സ്വപ്ന നേട്ടത്തിലേക്ക് വളരുന്ന യൂസുഫലിയെ അദ്ദേഹം പ്രശംസിച്ചു. ലുലു മാതൃകയിൽ വളരാൻ ഇന്ത്യയിലെ കമ്പനികളെ സൗദിയിലേക്ക് ഖാലിദ് അൽ ഫാലിഹ് ക്ഷണിച്ചു. സൗദി കിരീടാവകശിയുടെ മേൽനോട്ടത്തിൽ അടുത്ത മാസം നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിലേക്കും ഇന്ത്യൻ നിക്ഷേപകരെ ക്ഷണിച്ചാണ് സൗദി നിക്ഷേപ മന്ത്രി വാക്കുകൾ അവസാനിപ്പിച്ചത്.